അവശ്യവസ്തുക്കളുടെ ഇറക്കുമതിയിലുണ്ടാകുന്ന നിരക്ക് വ്യത്യാസങ്ങൾ ഏറ്റെടുക്കുമെന്ന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം
Tuesday, March 24, 2020 10:50 PM IST
കുവൈത്ത് സിറ്റി : ഇറച്ചിയും മറ്റു അവശ്യ വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനുള്ള ചരക്ക് കൂലിയില്‍ വ്യത്യാസങ്ങൾ ഉണ്ടെങ്കില്‍ വാണിജ്യ വ്യവസായ മന്ത്രാലയം ഇടപെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

വിശുദ്ധ റംസാൻ മാസത്തിനുള്ള തയാറെടുപ്പിന്‍റെ ഭാഗമായി വിപണി വിലകൾ പിടിച്ചു നിര്‍ത്താനും ഉപയോക്താക്കൾക്ക് ഭക്ഷ്യ സാധനങ്ങള്‍ ബുദ്ധിമുട്ടില്ലാതെ ലഭിക്കുവാനുമാണ് പുതിയ നടപടികള്‍. അതോടൊപ്പം ഇറച്ചി, ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നവർക്ക് നിലവിലെ ചരക്ക് കൂലി ഉയർന്നതിനാൽ നഷ്ടം സംഭവിക്കില്ലെന്ന് ഉറപ്പുവരുത്താനും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ ഇടപെടലിലൂടെ സാധിക്കും. രാജ്യത്ത് ആവശ്യമായ ഭക്ഷണ ശേഖരമുണ്ടെന്നും ജനങ്ങള്‍ പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും മന്ത്രാലയം പറഞ്ഞു. വിതരണക്കാര്‍ക്ക് moci.gov.kw എന്ന ഇമെയിൽ വിലാസം വഴി ട്രേഡിംഗിനായി മന്ത്രാലയത്തെ ബന്ധപ്പെടാമെന്നും അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ