ജിദ്ദ: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമുറപ്പിച്ച ഗുഡ്വിൽ ഗ്ലോബൽ ഇനിഷ്യെറ്റീവ് (ജിജിഐ) ഒന്നാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. പോയ കാല പ്രവർത്തനങ്ങൾ അവലോകനം ചെയ്തും വരുംവർഷത്തേക്കുള്ള പദ്ധതികൾ ആലോചിച്ചും ദഹബാനിലെ ദുർറത്തുൽ അറൂസ് റിസോർട്ടിൽ നടന്ന ഏകദിന ക്യാന്പ് വേറിട്ട അനുഭവമായി.
ഗ്ലോബൽ ബ്രിഡ്ജ് കന്പനി ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ അബ്ദുല്ല യൂസുഫ് മലൈബാരി, മൊസാകോ കന്പനി ചെയർമാൻ മുഹമ്മദ് സഈദ് മലൈബാരി എന്നീ സൗദി പൗരപ്രമുഖരുടെ സാന്നിധ്യവും അനുഭവങ്ങൾ പങ്കുവെക്കലുംമൂലം വാർഷിക കുടുംബ സംഗമം അവിസ്മരണീയമായി. ജനിച്ചുവളർന്നത് സൗദിയിലാണെങ്കിലും കേരളവുമായുള്ള പൊക്കിൾക്കൊടി ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരായ ഇരുവരും ക്യാന്പംഗങ്ങളോടൊപ്പം പാടിയും പറഞ്ഞും സ്മൃതികളിൽ മധുവൂറും സ്മരണകൾ പങ്കുവച്ചും സംഗമത്തെ ചൈതന്യവത്താക്കി.
സൗദി അറേബ്യയിൽ സാന്പത്തികമായ പുത്തനുണർവിന്റെ കാലമാണ് വരാനിരിക്കുന്നതെന്നും അത് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയോജനകരമാകുമെന്നും വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് മുഹമ്മദ് സഈദ് മലൈബാരി പറഞ്ഞു.
വിനോദ, വിനോദസഞ്ചാര മേഖലകളിലടക്കം വന്പിച്ച മുന്നേറ്റം നടത്തുന്ന സൗദി അറേബ്യ, പുരോഗതിയുടെയും പരിവർത്തനത്തിന്റെയും പാതയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ സമൃദ്ധിയുടെ നാളുകളാണ് സമാഗതമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിതാമഹൻ വാഗണ് ട്രാജഡിയിൽ രക്തസാക്ഷിയായതും പ്രപിതാമഹൻ മലപ്പുറം വലിയങ്ങാടിയിൽ ബ്രിട്ടീഷ് പടയോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ചതും മലയാളിയായ മാതാവിന്റെ വാത്സല്യത്തിന്റെ ഈറനണിയും കഥകളും, മലയാളികൾ ഫദ്ല് മലൈബാരി എന്ന് വിളിക്കുന്ന ശൈഖ് അബ്ദുറഹ്മാൻ മലൈബാരി വിവരിച്ചപ്പോൾ സ്വയം വിതുന്പുകയും സദസ്യരെ കണ്ണീരിലാഴ്ത്തുകയും ചെയ്തു.
ചടങ്ങിൽ ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായിൽ മരിതേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസൻ ചെറൂപ്പ സ്വാഗതവും വൈസ് പ്രസിഡന്റ് ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. വാർഷിക റിപ്പോർട്ട് വൈസ് പ്രസിഡന്റ് മുസ്തഫ വാക്കാലൂർ അവതരിപ്പിച്ചു. സെക്രട്ടറി കബീർ കൊണ്ടോട്ടി ക്യാന്പംഗങ്ങൾക്ക് നിർദേശങ്ങൾ നൽകി.
ഡോ. ഇസ്മായിൽ മരിതേരി (പ്രണയത്തിന്റെ അലൗകിക സൗന്ദര്യം), ഹസൻ ചെറൂപ്പ (പ്രകൃതി ജീവനകല), മുസ്തഫ വാക്കാലൂർ (വർത്തമാനകാല യാഥാർഥ്യങ്ങൾ നവസമീപനങ്ങൾ), ഇബ്രാഹിം ശംനാട് (മൂസാനബിയുടെ ജീവിതം ആധുനിക പരിപ്രേക്ഷ്യത്തിൽ) എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ക്യാന്പ് ഡയറക്ടർമാരായ കബീർ കൊണ്ടോട്ടിയും ഇസ്ഹാഖ് പൂണ്ടോളിയും പരിപാടികൾക്ക് നേതൃത്വമേകി.
സെക്രട്ടറി സാദിഖലി തുവ്വൂർ, കെ.ടി മുസ്തഫ പെരുവള്ളൂർ, അബ്ദുറഹിമാൻ കാളന്പ്രാട്ടിൽ, നൗഫൽ പാലക്കോത്ത് എന്നീ അംഗങ്ങൾക്കൊപ്പം നജീബ് പാലക്കാത്തും ഷാജി ഉമർ കൂട്ടിലങ്ങാടിയും ഇന്പമാർന്ന ഗാനങ്ങളിലൂടെ സംഗീതസാന്ദ്രമായ രാവാണ് സമ്മാനിച്ചത്. മലൈബാരികളുടെ ഹിന്ദി, അറബി ഗാനാലാപനം ഈടുറ്റ ഇന്ത്യാ-സൗദി ബന്ധത്തിലെ അവാച്യമായ നവ്യാനുഭൂതി പകരുന്നതായി. പി.എം മുർതള, വൈസ് പ്രസിഡന്റുമാരായ ജലീൽ കണ്ണമംഗലം, എ.എം. അബ്ദുല്ലക്കുട്ടി ചെട്ടിപ്പടി എന്നിവർ ജീവിതാനുഭവങ്ങളുടെ ചീന്തുകൾ പങ്കുവച്ചു.
റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ