പത്തനംതിട്ട ജില്ലാ സംഗമം പതിനൊന്നാം വാര്‍ഷികം 14 ന്
Wednesday, February 12, 2020 7:29 PM IST
ജിദ്ദ : ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) പതിനൊന്നാം വാർഷികം ഫെബ്രുവരി 14 നു (വെള്ളി) ഹറാസാത്തിലുള്ള സുമിത് ഓഡിറ്റോറിയത്തിൽ നടക്കും.

പി ജെ എസ് അംഗവും കലാകാരനുമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്‍റെ സ്മരണാർഥം വഷംതോറും ജിദ്ദയിലെ പ്രശസ്ത കലാകാരന്മാർക്ക് നൽകി വരുന്ന അവാർഡ് ജിദ്ദയിലെ പ്രശസ്ത ഗായകൻ മിർസ ഷെരീഫിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്കു നൽകുന്ന ബെസ്റ്റ് സ്റ്റുഡൻറ് അവാർഡിന് അക്ഷയ് വിലാസിനും നല്‍കും.

പൊതുയോഗത്തില്‍ വിഷന്‍ 2020 അവതരിപ്പിക്കും. തുടര്‍ന്നു നടക്കുന്ന കലാസന്ധ്യയില്‍ ജിദ്ദയിലെ പ്രമുഖ നൃത്ത അധ്യാപികമാർ അണിയിച്ചൊരുക്കിയ നൃത്തനൃത്യങ്ങൾ , ഒപ്പന, ജിദ്ദയിലെ പ്രശസ്ത ഗായകരും പിജെഎസിലെ ഗായകരും ആലപിക്കുന്ന ഗാനങ്ങൾ, പ്രഫഷണൽ നാടകരംഗത്തെ പ്രശസ്തിയാർജിച്ച മലയാള നാടക രചയിതാവ് ഹേമന്ത കുമാർ രചനയും പിജെഎസ്‌ അംഗം സന്തോഷ് കടമ്മനിട്ട സംവിധാനവും പി ജെ എസിലെ തന്നെ കലാകാരൻമാർ അവതരിപ്പിക്കുന്ന നാടകം "കായംകുളം കൊച്ചുണ്ണി' എന്നിവ അരങ്ങേറും.

വാർത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് നൗഷാദ് അടൂര്‍ , എബി കെ. ചെറിയാന്‍ മാത്തൂര്‍ , ജയന്‍ നായര്‍ , മാത്യു തോമസ്‌, മനു പ്രസാദ്‌ ആറന്മുള , അനില്‍കുമാര്‍ പത്തനംതിട്ട ,വറുഗീസ് ഡാനിയല്‍ , അലി തെക്കുതോട് , അയൂബ് പന്തളം എന്നിവര്‍ പങ്കെടുത്തു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ