അലിഫ് സ്കൂളില്‍ എക്സാം ഓറിയന്‍റേഷന്‍ ക്യാമ്പ്
Tuesday, February 11, 2020 8:49 PM IST
റിയാദ്: വിദ്യാർഥികളില്‍ പരീക്ഷാ പേടി കുറയ്ക്കാനും പരീക്ഷകളോട് ക്രിയാത്മകമായ സമീപനം സ്വീകരിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമായി റിയാദ് അലിഫ് സ്കൂള്‍ എക്സാം ഓറിയന്‍റെഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

റിയാദ് കിംഗ്‌ സൗദ്‌ യൂണിവേഴ്സിറ്റി അധ്യാപകനും പ്രഗത്ഭ ട്രെയിനറുമായ ഡോ. അബ്ദുല്‍ സലാം ഉമ്മര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. എക്സാം ഫോബിയ, കൃത്യനിഷ്ഠത, സ്മാര്‍ട്ട് വര്‍ക്ക്‌, ടൈം മാനേജ്‌മെന്‍റ്, എക്സാം ടിപ്സ്, ഏകാഗ്രത എന്നിവയാണ് വിവിധ സെഷനുകളിലായി അവതരിപ്പിക്കപ്പെട്ടത്.

ആശങ്കകളും ആവലാതികളും വിദ്യാർഥികള്‍ തന്നെ വിവിധ ഗ്രൂപുകളായി തിരിഞ്ഞ് ചര്‍ച്ച ചെയ്യുകയും അവര്‍ തന്നെ പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്ത സെഷന്‍ ഏവർക്കും നവ്യാനുഭവമായി. വിദ്യാർഥികളുടെ ആവശ്യപ്രകാരം രണ്ടാം ദിനത്തിലേക്ക് നീണ്ട ക്യാമ്പ് അവരുടെ മനസില്‍ പരീക്ഷകളോടുള്ള സമീപനത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് സമാപിച്ചത്.

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവം സമ്മാനിച്ച ക്യാമ്പ് ഏറെ ഹൃദ്യമായിരുന്നെന്ന്‍ ഹെഡ് ബോയ്‌ സജാവല്‍ അലിയും ഹെഡ് ഗേള്‍ നദ നസ്രിനും അഭിപ്രായപെട്ടു. അലിഫ് ഗ്രൂപ്പ്‌ ഓഫ് സ്കൂള്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലുഖ്മാന്‍ പാഴൂര്‍, മാനേജർ മുഹമ്മദ്‌ അല്‍ ഖഹ്താനി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. വൈസ് പ്രിൻസിപ്പിൽ ഡോ. ദൈസാമ്മ ജേക്കബ്‌ , ഹെഡ്മാസ്റ്റർ നൗഷാദ് മുഹമ്മദ്‌ , ഹെഡ്മിസ്ട്രസ് ഹമീദ ബാനു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ