ആര്‍എസ് സി സാഹിത്യോത്സവ് കലാ കിരീടം; ഫർവാനിയ സെൻട്രൽ ജേതാക്കൾ
Tuesday, February 11, 2020 8:35 PM IST
കുവൈത്ത്: റിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ് സി) കുവൈത്ത് നാഷണൽ കമ്മറ്റി സംഘടിപ്പിച്ച പതിനൊന്നാമത്  എഡിഷൻ സാഹിത്യോത്സവില്‍ 455 പോയിന്‍റ് നേടി ഫർവനിയ സെൻട്രൽ ജേതാക്കളായി. 353 പോയിന്‍റ് നേടി കുവൈത്ത് സിറ്റി സെൻട്രൽ രണ്ടാം സ്ഥാനവും 267 പോയിന്‍റുകളോടെ ഫഹാഹീൽ സെൻട്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

യൂണിറ്റ്,സെക്ടർ, സെൻട്രൽ തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കി വിജയികളായ 500 ല്‍ പരം പ്രതിഭകളാണ്  രാവിലെ സാൽമിയ നജാത്ത് ബോയ്സ് സ്കൂളില്‍ ആരംഭിച്ച നാഷണൽ സാഹിത്യോത്സവിനെത്തിയത്. അഞ്ചു വേദികളിലായി ബഡ്‌സ്, കിഡ്സ്‌, പ്രൈമറി, ജൂണിയർ, സെക്കൻഡറി, സീനിയർ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, പ്രസംഗം, മാലപ്പാട്ട്, രചനകൾ, കളറിംഗ്, സോഷ്യൽ ട്വീറ്റ്, അടിക്കുറിപ്പ്, ഖവാലി, സീറാ പാരായണം, ബുർദ, അറബിക് കാലിഗ്രഫി, ആംഗ്യപ്പാട്ട്, ദഫ് , കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങി 106 ഇനങ്ങളിലാണ് മത്സരാർഥികൾ മാറ്റുരച്ചത്.

രാത്രി എട്ടിന് ആരംഭിച്ച സമാപന സംഗമം ടിവിഎസ് ഗ്രൂപ്പ്‌ ചെയർമാൻ ഡോ. എസ്. എം. ഹൈദർ അലി ഉദ്ഘാടനം ചെയ്തു. ഐ സി എഫ് പ്രസിഡന്‍റ് അബ്ദുൽ ഹക്കീം ദാരിമി അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായ കെ.എൻ. കുഞ്ഞഹമ്മദ് സാംസ്കാരിക പ്രഭാഷണം നടത്തി. ടിവിഎസ്. ഗ്രൂപ്പ്‌ ചെയർമാൻ ഡോ. എസ്. എം. ഹൈദർ അലി, മലബാർ ഗോൾഡ്‌ റീജണൽ മാനേജർ അഫ്സൽ ഖാൻ, അലിഫ് ഗ്ലോബൽ സ്കൂൾ ചെയർമാൻ അലിക്കുഞ്ഞി മുസ്ലിയാർ എന്നിവർ ജേതാക്കള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു. കലാ പ്രതിഭയായ അബ്ദുൽ ബാഹിസ്, സർഗ പ്രതിഭയായ ഖദീജ ഫാറൂഖ് എന്നിവർക്ക് മെട്രോ ഹോസ്പിറ്റൽ സിഇഒ ഹംസ പയ്യന്നൂർ ഉപഹാരം നല്‍കി. ചടങ്ങിൽ ആർഎസ് സി നാഷണൽ ചെയർമാൻ റഷീദ് മോങ്ങം, കൺവീനർ ശിഹാബ് വാണിയന്നൂർ, ശിഹാബ് വാരം, ഹാരിസ് പുറത്തീൽ, നവാഫ് അഹ്മദ്, സാജിദ് നരിക്കുനി, അൻവർ ബെലക്കാട്, നാഫി കുറ്റിച്ചിറ, സമദ് കീഴ്പറമ്പ, ജസാം കുണ്ടുങ്ങൽ, ശറഫുദ്ദീൻ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ