കുട്ടികളുടെ ഏറ്റവും നല്ല ചങ്ങാതിയായി മാതാപിതാക്കള്‍ മാറണം: ഡോ. എം.എച്ച് ഹാശിം രിഫാഈ
Sunday, February 9, 2020 12:25 PM IST
കുവൈറ്റ്: കുട്ടികള്‍ക്ക് മാനസികമായ പിന്തുണയും സ്‌നേഹവും നല്‍കുന്നതോടൊപ്പം അവരുടെ ഏറ്റവും സ്‌നേഹമുള്ള ചങ്ങാതിമാരായി മാതാപിതാക്കള്‍ മാറണമെന്ന് അലീഗര്‍ മുസ്ലീം യുണിവേഴ്‌സിറ്റി അധ്യാപകനും പ്രശസ്ത ട്രെയിറുമായി ഡോ. എം.എച്ച് ഹാശിം രിഫാഈ മട്ടാഞ്ചേരി പറഞ്ഞു. ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പ് ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിച്ച ആര്‍ട് ഓഫ് പേരന്റിംഗ് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പങ്കു വയ്ക്കലിന്റെ ഗുണം അറിഞ്ഞുവേണം കുട്ടികള്‍ വളരേണ്ടത്.കരുതല്‍, സ്‌നേഹം, സൗഹൃദം ഇവയെല്ലാം പ്രകടിപ്പിക്കാന്‍ പങ്കുവയ്ക്കലിലൂടെ കഴിയുമെന്ന് കുട്ടികള്‍ക്ക് അറിവ് പകരണം. ചുറ്റുമുള്ളവരോട് കരുതല്‍ കാണിക്കണമെന്നും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഏറ്റവും അടുപ്പമുള്ളവരോടു പങ്കു വയ്ക്കണമെന്നും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. ജീവിതം എല്ലായ്‌പ്പോഴും ജയം മാത്രമല്ല നല്‍കുന്നത്. തോല്‍വികളെ അംഗീകരിക്കുവാനും അവയില്‍ നിന്ന് പാഠമുള്‍കൊണ്ട് സ്വയം മെയ്യപ്പെടുത്താനും കുട്ടികളെ സഹായിക്കണമെന്ന് ഡോ. രിഫാഈ വിശദീകരിച്ചു.

ഐഐസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി യൂനുസ് സലീം, അയ്യൂബ് ഖാന്‍ മാങ്കാവ് എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍