കേരള ബജറ്റ്; നാടിന്‍റെ സമഗ്ര വികസനത്തിനും പ്രവാസികൾക്കും ഗുണകരമാകുന്നത് : നവോദയ റിയാദ്
Friday, February 7, 2020 8:40 PM IST
റിയാദ്: കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിലും ജനോപകാരപ്രദവും സാമൂഹ്യനീതി ഉറപ്പാക്കുന്നതുമായ ഒരു ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് നവോദയ റിയാദ് അഭിപ്രായപ്പെട്ടു. പ്രവാസികളെ സംബന്ധിച്ചേടത്തോളം ഏറെ സമാശ്വാസകരമാണ് സംസ്ഥാന ബജറ്റ് എന്നും നവോദയ പറഞ്ഞു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്കും വിവിധ സഹായങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

നഴ്സുമാർക്ക് വിദേശ ജോലിക്കായി പ്രത്യേക പരിശീലനം (ക്രാഷ് ഫിനിഷിംഗ് കോഴ്സ്), പ്രവാസി ചിട്ടിക്കൊപ്പം ഇൻഷ്വറൻസും പെൻഷനും പ്രവാസി ക്ഷേമനിധിക്ക് 90 കോടി രൂപ, ലോക കേരള സഭക്ക് 12 കോടി രൂപ, നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന് 2 കോടി രൂപ, പ്രവാസി സാന്ത്വനം പദ്ധതിക്ക് 27 കോടി രൂപയും അനുവദിച്ചത് പ്രവാസികളെ സംബന്ധിടത്തോളം ശ്രദ്ധേയ നിർദ്ദേശങ്ങളാണ്. അതിനുപുറമേ, വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ വയോജനങ്ങൾക്ക് കെയർ ഹോം പദ്ധതിയും (ഗാർഡൻ ഓഫ് ലൈഫ്) പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്കായി ജോബ് പോർട്ടൽ തുടങ്ങാൻ ഒരു കോടി രൂപയും വൈവിധ്യ പോഷണത്തിനു 2 കോടി രൂപയും വകയിരുത്തി. എയർപോർട്ട് ആംബുലൻസിനും എയർപോർട്ട് ഇവാക്വേഷനുമായി ഒന്നരക്കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ പരിശീലനം, സാങ്കേതിക പരിശീലനം, ഐ ടി പരിശീലനം, സോഫ്റ്റ് സ്കിൽ തുടങ്ങിയവും ക്രാഷ് കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലും ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. അടുത്തവർഷത്തോടെ പ്രവാസി ഡിവിഡന്‍റും പ്രവാസി ചിട്ടി പദ്ധതികൾ പൂർണമായും പ്രവർത്തിച്ചു തുടങ്ങുമെന്ന് ധനമന്ത്രി ഉറപ്പു നൽകുന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ