അബുദാബിയിൽ ആൻറിയ ക്രിസ്മസ് പുതുവത്സരാഘോഷം "തരംഗ് 2020' നു കൊടിയിറങ്ങി
Friday, February 7, 2020 5:05 PM IST
അബുദാബി: അങ്കമാലിയിലെ പ്രവാസികളുടെ സംഘടനയായ അങ്കമാലി എൻആർഐ അസോസിയേഷന്‍റെ (ആൻറിയ) ക്രിസ്മസ് പുതുവത്സാരാഘോഷം "തരംഗ് 2020' അബുദാബിയിൽ കൊടിയിറങ്ങി.

പ്രസിഡന്‍റ് നീന തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ ജനറൽ കൺവീനർ സ്വരാജ് സ്വാഗതവും സെക്രട്ടറി റോബിൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പ്രശസ്ത മലയാള പിന്നണി ഗായകൻ ജി വേണുഗോപാൽ "തരംഗ് - 2020' ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സോഹൻ റോയ്, ഇന്ത്യൻ സോഷ്യൽ സെന്‍റ്ർ പ്രസിഡന്‍റ് നടരാജൻ, ആൻറിയ അബുദാബി ട്രഷറർ റെജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ബിസിനസ്- സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയും, പഠനരംഗത്ത് മികവ് തെളിയിച്ച അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു. സംഗീതമേഖലയിലെ 36 വർഷത്തെ സമഗ്രസംഭാവനകളെ മാനിച്ച് "ആൻറിയ-സ്വരലയ പുരസ്കാരം' ‌‌‌വേണുഗോപാലിന് പ്രസിഡന്‍റ് നീന തോമസും സോഹൻ റോയും ചേർന്നു സമ്മാനിച്ചു.

ആൻറിയ അബുദാബിയുടെ കാരുണ്യപദ്ധതിയായ "പ്രതീക്ഷ സീസൺ-4 ന്‍റെ' ഔപചാരികമായ പ്രഖ്യാപനവും കുട്ടികളുടെ കൈയെഴുത്തു മാസികയായ "അക്ഷരക്കൂട്ടം ആറാം ലക്കത്തിന്‍റെ' പ്രകാശനവും ചടങ്ങിൽ നടത്തപ്പെട്ടു. വൈസ് പ്രസിഡന്‍റ് എൽദോ നന്ദി പറഞ്ഞു.

തുടർന്നു പ്രശസ്ത മജീഷ്യനും മെന്‍റലിസ്റ്റുമായ രാകിൻ മലയത്തിന്‍റെ 'ഫൺ ടു മിസ്റ്ററി' ആസ്വാദർക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. സ്ട്രിംഗ്സ്-ഈണം മ്യൂസിക് ബാൻഡിന്‍റെ ഓർക്കസ്ട്രയും അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: അനില്‍ സി. ഇടിക്കുള