ബഹറിന്‍ എസ്കെഎസ്എസ്എഫ് മനുഷ്യജാലിക കേരളീയ സമാജത്തില്‍ 24 ന്
Friday, January 24, 2020 3:07 PM IST
മനാമ: ബഹറിൻ എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക ജനുവരി 24നു (വെള്ളി) രാത്രി 8.30ന് ബഹറിന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ നടക്കും.

"രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍" എന്ന പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി കേന്ദ്രങ്ങളില്‍ എസ്കെഎസ്എസ്എഫ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന സൗഹൃദ സംഗമത്തിന്‍റെ ഭാഗമായാണ് ബഹറിനിലും മനുഷ്യ ജാലിക സംഗമം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

കഴിഞ്ഞ 15 വര്‍ഷമായി സംഘടന നടത്തി വരുന്ന മനുഷ്യജാലിക സംഗമങ്ങള്‍ക്ക് വര്‍ഷം തോറും പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്നും നിലവിലെ സാഹചര്യത്തില്‍ കാലിക പ്രസക്തിയുള്ള വിഷയമാണ് ഇതിന്‍റെ പ്രമേയമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഉസ്താദ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതര പൈതൃകത്തിനുമെതിരായി ഉയര്‍ന്നുവരുന്ന എല്ലാ വെല്ലുവിളികളെ കുറിച്ചും പൊതുസമൂഹത്തെ ബോധവത്കരിക്കുകയും വര്‍ഗീയ തീവ്രവാദ പ്രവണതക്കെതിരെയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരേയും പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് വര്‍ഷം തോറും റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് മനുഷ്യ ജാലികയിലൂടെ സംഘടന പ്രധാനമായും ലക്ഷ്യമിടുന്നത്. ഒപ്പം രാജ്യത്തിന്‍റെ മതേതര മൂല്യങ്ങളും സൗഹാര്‍ദ്ദവും പുതുതലമുറക്ക് കൈമാറുകയെന്നതും മനുഷ്യജാലിക സംഗമങ്ങളുടെ ലക്ഷ്യമാണ്- സംഘാടകര്‍ വിശദീകരിച്ചു.

സമസ്ത എറണാംകുളം ജില്ലാ ജനറൽ സെക്രട്ടറിയും പ്രമുഖ വാഗ്മിയും ബഹു ഭാഷാ പണ്ധതനുമായ ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡന്‍ എംപി, കെ.പി.എ മജീദ് സാഹിബ് എന്നിവര്‍ക്കു പുറമെ, ബഹറിനിലെ മത-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ട്. വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നിന്നായി പ്രത്യേക വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

വിവരങ്ങള്‍ക്ക് +973 3953 3273, 33413570, 3973 3924

വാർത്താസമ്മേളനത്തിൽ ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അശ്റഫ് അന്‍വരി, ഹാഫിള് ശറഫുദ്ധീന്‍, മജീദ് ചോലക്കോട്, നവാസ് കുണ്ടറ, മുഹമ്മദ് മോനു എന്നിവര്‍ക്കു പുറമെ സംഘാടകരായ ശഫീഖ് മൗലവി, ഉബൈദുല്ല റഹ് മാനി, നൗഫല്‍, സിക്കന്തര്‍, ഷാനവാസ് കായംകുളം, നവാസ് നിട്ടൂര്‍, ജസീര്‍ വാരം എന്നിവരും പങ്കെടുത്തു.