പൗരത്വത്തിലെ മതവിവേചനത്തിനെതിരെ പൊതുസമൂഹം ഒന്നിക്കണം
Friday, December 13, 2019 5:26 PM IST
കുവൈത്ത്: ഇന്ത്യൻ ഭരണഘടനയും രാഷ്ട്രശില്പികളും വിഭാവനചെയ്ത മതനിരപേക്ഷതയെ കാറ്റിൽപറത്തി, പൗരത്വപരിഗണനക്ക് മതം മാനദണ്ഡമാക്കാനുള്ള കേന്ദ്രഭരണകൂടത്തിന്‍റെ നീക്കത്തിനെതിരെ പൊതുസമൂഹം ഒന്നിച്ചുനിന്ന് ശക്തമായ പ്രതിരോധം തീർക്കണമെന്ന് കുവൈത്ത് കേരള ഇസ്‌ലാഹി സെന്‍റർ ആവശ്യപ്പെട്ടു.

ജന്മനാ പൗരാവകാശങ്ങളനുഭവിച്ച് പതിറ്റാണ്ടുകളായി രാജ്യത്തു നിവസിക്കുന്ന ജനതയോട് വീണ്ടും പൗരത്വം തെളിയിക്കാനാവശ്യപ്പെടുകയും അതിൽ സാങ്കേതികമായി പരാജയപ്പെടുന്നവരെ പൗരാവകാശങ്ങളിൽ നിന്ന് പുറന്തള്ളുകയും
ചെയ്യുന്ന ദേശീയ പൗരത്വ രജിസ്ട്രേഷൻ അഥവാ എൻആർസി വ്യക്തമായ മനുഷ്യാവകാശ ധ്വംസനത്തിന്റെ ഉപകരണമാണ്. ഇങ്ങനെ പൗരത്വം റദ്ദുചെയ്യപ്പെടുന്നവരിൽനിന്ന്, മുസ്‌ലിംകളെ മാത്രം മാറ്റിനിർത്തി മറ്റുള്ളവരെ തിരിച്ചെടുക്കാനുള്ള പൗരത്വ ഭേദഗതി ബിൽ അഥവാ സിഎബി വഴി വംശവെറിയെ നിയമവൽക്കരിച്ച് മുസ്‌ലിംകളെ പുറന്തള്ളാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.

വൈദേശികശക്തികൾക്കെതിരായ സ്വാതന്ത്ര്യസമരത്തിലും തുടർന്നു രാഷ്ട്രപുനർനിർമാണത്തിലും രാജ്യപുരോഗതിയിലും അനിഷേധ്യമായ പങ്കുവഹിച്ചിട്ടുള്ള മുസ്‌ലിം സമുദായത്തിന് ഇന്ത്യാരാജ്യത്ത് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള പരിപൂർണ അവകാശമുണ്ട്.

മുസ്‌ലിംകൾ സംഭീതരാകരുതെന്നും വിഷയത്തെ ഐക്യത്തോടും ജാഗ്രതയോടും കൂടി ക്രിയാത്മകമായി നേരിടാൻ സമുദായത്തിന്‍റെ പൊതുനേതൃത്വത്തോടൊപ്പം ഉറച്ചുനിൽക്കണമെന്നും കുവൈത്ത് കേരള ഇസ്‌ലാഹി സെന്‍റർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ