അബുദാബി പോലീസ് പോള്‍: "സുരക്ഷ, ട്രാഫിക് അവബോധം' സോഷ്യൽ മീഡിയയില്‍ ഹിറ്റ്
Friday, December 13, 2019 3:40 PM IST
അബുദാബി പോലീസ് നടത്തിയ അഭിപ്രായ സർവേയിൽ 79% സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനും ഏറ്റവും താത്പര്യമുള്ള വിഷയങ്ങളിൽ ഒന്നാമത് "സുരക്ഷയും ഗതാഗത അവബോധവും' അടങ്ങിയ സന്ദേശങ്ങളും, രണ്ടാം സ്ഥാനത്തു 21 ശതമാനം വോട്ടുമായി "കമ്മ്യൂണിറ്റി സംബന്ധിയായ സന്ദേശങ്ങൾ' ആണെന്നും പോലീസിന്‍റെ വെളിപ്പെടുത്തൽ.

പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി സോഷ്യല്‍ മീഡിയ, മാധ്യമ ബോധവൽക്കരണ കാന്പയിനുകൾ നയിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളും ഉള്ളടക്കവും തിരിച്ചറിയുക എന്നതായിരുന്നു വോട്ടെടുപ്പിന്‍റെ ലക്ഷ്യം. അബുദാബി പോലീസ് അവരുടെ "ഇൻസ്റ്റാഗ്രാം", "ട്വിറ്റർ", "ഫേസ്ബുക്ക്" പേജുകൾ വഴിയാണ് ഫലങ്ങൾ പ്രസിദ്ധീകരിച്ചത്.

പൊതുജന അവബോധം നില ഉയർത്തുന്നതിനും മെച്ചപ്പെട്ട ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതിനുമായി പൊതുജനങ്ങള്‍ക്കു ഇഷ്ടപ്പെടുന്നതും ഏറ്റവും പ്രസക്തവുമായ "മീഡിയ ഉള്ളടക്കം" തിരിച്ചറിയുന്നതിനാണ് ഇത്തരം സർവേകൾ ലക്ഷ്യമിടുന്നതെന്ന് അബുദാബി പോലീസ് ലീഡർഷിപ്പ് സെക്ടറിലെ സെക്യൂരിറ്റി മീഡിയ ഡയറക്ടർ ബ്രിഗേഡിയര്‍ മുഹമ്മദ് അലി അൽമെഹൈരി പറഞ്ഞു. അബുദാബി പോലീസിന്‍റെ തന്ത്രപരവും സാമൂഹികവുമായ ലക്ഷ്യങ്ങളിലേക്ക് ഇത്തരം സര്‍വേകള്‍ സംഭാവന ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മാധ്യമങ്ങളില്‍ നല്ല ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കാളികളായി സെക്യൂരിറ്റി മീഡിയ പൊതുജനങ്ങളെ കാണുന്നുവെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം അബുദാബി പോലീസും പൊതുജനങ്ങളും തമ്മിലുള്ള സമ്പര്‍ക്കം മെച്ചപെട്ട സഹകരണത്തിനും അതുവഴി വിശദവും, പതിവ് വാർത്താ അപ്‌ഡേറ്റുകളും, അടിയന്തര സമയങ്ങളിൽ മുന്നറിയിപ്പുകളും എത്രയും പെട്ടന്നു സമൂഹത്തില്‍ എത്തിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള