ബാബു ഫ്രാൻസീസ് പ്രവാസി ലീഗൽ സെൽ- കുവൈറ്റ് കൺട്രി ഹെഡ്
Saturday, November 30, 2019 3:31 PM IST
കുവൈത്ത്: ബാബു ഫ്രാൻസിസിനെ പ്രവാസി ലീഗൽ സെൽ- കുവൈറ്റ് കൺട്രി ഹെഡായി നിയമിച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ ഭരണസമിതിയുടെ തീരുമാനപ്രകാരം സൂപ്രീംകോടതി പ്രവാസി ലീഗൽ സെൽ & അഡ്വക്കേറ്റ് ഓൺ റെക്കോർഡ് പ്രസിഡന്‍റ് അഡ്വ. ജോസ് അബ്രഹാം ആണ് ബാബു ഫ്രാൻസിസ് ഒലക്കേങ്കിലിന് നിയമന ഉത്തരവ് നൽകിയത്.

2001 മുതൽ കുവൈത്തിൽ താമസിക്കുന്ന ബാബു ഫ്രാൻസീസ് ഐ ആർ‌ സി‌ എ / സി‌ ക്യു ഐ സർട്ടിഫൈഡ് ലീഡ് ഓഡിറ്ററും & ലീഡ് ട്യൂട്ടറുമായി കുവൈറ്റിലും വിവിധ രാജ്യങ്ങളിലും സേവനം ചെയ്തു വരുന്നു. ലോക കേരളസഭയിൽ അംഗവും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്തോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ (കുവൈറ്റ് ചാപ്റ്റർ) പ്രസിഡന്‍റായും ഒഎൻ‌സി‌പിയുടെ പ്രസിഡന്‍റായും പ്രവർത്തിക്കുന്നു.

ദേശീയ തലത്തിൽ രജിസ്ട്രർ ചെയ്ത് പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിൽ സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും വിരമിച്ച ജഡ്ജിമാർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ, അക്കാഡമിക് വിദഗ്ധർ, ഇന്ത്യയിലെ പൊതുപ്രവർത്തകർ എന്നിവരാണ് പ്രവർത്തിക്കുന്നത്.

നീതി ലഭിക്കാൻ കഴിയാത്ത സാധാരണ ഇന്ത്യൻ പൗരൻ നേരിടുന്ന അനേകം വിഷമതകൾ ലഘൂകരിക്കുക. ജാതി, മതം, ലിംഗഭേദം, ഭാഷാ, ജനന സ്ഥലം മുതലായവയിൽ വിവേചനമില്ലാതെ എല്ലാവർക്കും അന്തസും സംരക്ഷണവും ഉറപ്പാക്കുക തുടങ്ങിയവയാണ് പി‌എൽ‌സി ലക്ഷ്യം. ഇന്ത്യൻ പൗരന്‍റെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളും ശരിയായ നീതിയും ഇന്ത്യയിൽ ലഭിക്കാൻ നിയമസഹായവും നൽകുന്നു. വിദേശ രാജ്യങ്ങളിൽ തദ്ദേശീയ അഭിഭാഷകരും നിയമജ്ഞരുമായി സഹകരിച്ചു കൊണ്ട് , നിയമ ബോധ വൽക്കരണ പരിപാടികളും നിയമ ഉപദേശങ്ങളും നിയമ സഹായങ്ങളും നൽകി വരുന്നു.

പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുമായും സംഘടനകളുമായും സഹകരിച്ച് വിദഗ്ധരായ പരിശീലകരുടെ പിന്തുണയോടെ പൊതുജനങ്ങളിൽ നിയമ അവബോധം വ്യാപിപ്പിക്കുന്നതിന് പി‌ എൽ‌ സി വിവിധ സ്ഥലങ്ങളിൽ പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ചു വരുന്നു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ് പ്രവാസി ലീഗൽ സെല്ലിന്‍റെ രക്ഷാധികാരിയാണ്.