ദുബായ് കെഎംസിസി മാപ്പിള കലോൽസവത്തിന് തുടക്കമായി
Friday, November 29, 2019 10:36 PM IST
ദുബായ്: പ്രവാസ ജീവിതത്തിനിടയിൽ സർഗാത്മക കഴിവുകളിൽ പ്രകാശം പരത്തി ദുബായ് കെ.എംസിസി ഒരുക്കിയ സർഗോത്സവം പ്രവാസികൾക്ക് പുത്തനുണർവ് നൽകികൊണ്ട് തുടക്കം കുറിച്ചു. കലോൽസവം രാമനാഥപുരം എംപി നവാസ് ഗനി ഉദ്ഘാടനം ചെയ്തു. കലയുടെയും സാഹിത്യത്തിൻറെയും ആത്യന്തിക ലക്ഷ്യം മനുഷ്യ നന്മയും സാഹോദര്യവുമാണെന്നും, ജീവ കാരുണ്യത്തോടെപ്പം കലാ സാഹിത്യ രംഗത്ത് കെ.എംസിസിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ തമിഴ്നാട് യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് സിറാജ്, ഹിറ്റ് എഫ്എം വാർത്താ വിഭാഗം മേധാവി ഷിബു കളിത്തട്ടിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഗർഹൂദ് എൻഐ മോഡൽ സ്കൂളിൽ നടക്കുന്ന കലാ മൽസരങ്ങളിൽ നൂറിലധികം കലാ പ്രതിഭകളാണ് മാറ്റുരക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച മൽസരങ്ങൾ രാത്രി വൈകിയാണ് അവസാനിച്ചത്.

സംസഥാന സ്കൂൾ കലോൽസവ മാന്വൽ അടിസ്ഥാനമാക്കി നടക്കുന്ന കലോൽസവത്തിൽ ജില്ലകൾ തമ്മിലുള്ള ആവേശകരമായ മൽസരമാണ് നടക്കുന്നത്. പ്രത്യേകം തയാറാക്കിയ അഞ്ച് വേദികളിലായി 25 ഇനങ്ങളാണ് മൽസരം പുരോഗമിക്കുന്നത്. പ്രസംഗം (മലയാളം, ഇഗ്ലീഷ്), അറബി ഗാനം, കവിതാ പാരായണം, (മലയാളം), ദേശ ഭക്തി ഗാനം, മിമിക്രി, മോണോആക്റ്റ്, മാപ്പിളപാട്ട്, ദഫ്മുട്ട്, ഒപ്പന, കോൽകളി, അറബന മുട്ട് എന്നീ ഇനങ്ങളിൽ സ്റ്റേജ് മൽസരങ്ങളും ചെറുകഥ(മലയാളം), പ്രബന്ധം (മലയാളം, ഇഗ്ലീഷ്), കവിതാ രചന, മാപ്പിളപ്പാട്ട് രചന, മുദ്രാവാക്യ രചന ക്വിസ്, കാർട്ടൂണ്‍, ഡ്രോയിംഗ്, പെയിന്‍റിംഗ്, പോസ്റ്റർ ഡിസൈനിംഗ്, ഷോർട്ട് ഫിലിം, ഫോട്ടോഗ്രാഫി എന്നീ സ്റ്റേജ് ഇതര മത്സരങ്ങളുമാണ് കലാ-സാഹിത്യ മത്സരങ്ങളുടെ ഭാഗമായി നടക്കുന്നത്.

പ്രഗൽഭരായ വിധികർത്താക്കളാണ് മത്സരത്തിന്‍റെ വിധി നിർണയത്തിനായി നാട്ടിൽ നിന്ന് എത്തിയിട്ടുള്ളത്. അവസാനം ലഭിച്ച മത്സര ഫലം അനുസരിച്ച് കണ്ണൂർ 58 പോയൻറ് നേടി ഒന്നാം സ്ഥാനത്തും, കോഴിക്കോട് 39 പോയൻറ് നേടി രണ്ടാം സ്ഥാനത്തും കാസർഗോഡ് 29 പോയൻറ് നേടി മൂന്നാം സ്ഥാനവും നേടി മുന്നേറുകയാണ്.

ജില്ലകൾ തമ്മിൽ വാശിയേറിയ മൽസരമാണ് നടക്കുന്നത്. കൂടുതൽ പോയൻറ് നേടിയ ജില്ലക്ക് ഡിസംബർ 13ന് നടക്കുന്ന പ്രൗഡ ഗംഭീര ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തിൽ ഓവറോൾ കിരീടം നൽകും. ദുബായ് കെ.എംസിസി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ, ജന: സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷർ പി.കെ ഇസ്മായിൽ ഓർഗ:സെക്രട്ടറി ഹംസ തോട്ടി, സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, റയീസ് തലശേരി, ഹനീഫ് ചെർക്കള, എൻ.കെ ഇബ്രാഹിം, ഒ.മൊയ്തു, നിസാമുദ്ദീൻ കൊല്ലം, അബൂബക്കർ ഹാജി മാറാക്കര, മജീദ് മടക്കിമല, അഡ്വ. ഇബ്രാഹിം ഖലീൽ, അബ്ദുൽ കാദർ അറിപ്പാബ്ര, ഫാറൂഖ് പട്ടികര, അഡ്വ. സാജിദ് അബൂബക്കർ, ടി. മൊയ്തീൻ കോയ, എം.നസീഫ് വിധികർത്താക്കളായ ഖലീലുള്ള ചെമ്മാട്, പി.ടി.എം ആനക്കര മുഹമ്മദുണ്ണി, യൂസുഫ് കാരക്കാട് എന്നിവർ സംബന്ധിച്ചു. സർഗധാര കമ്മിറ്റി ജന:കണ്‍വീനർ നജീബ് തച്ചംപൊയിൽ സ്വാഗതവും ഇ.ആർ അലി മാസ്റ്റർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: നിഹ്മത്തുള്ള മങ്കട