സൂപ്പർ ക്ലാസികോ മെസിയുടെ ഗോളിൽ അർജന്‍റീന ബ്രസീലിനെ കീഴടക്കി
Saturday, November 16, 2019 4:04 PM IST
റിയാദ് : ബ്രസീലിന്‍റേയും അർജന്‍റീനയുടെയും ഫുട്ബോൾ ടീമുകളുടെ ആരാധകർ ഒരേപോലെ തിങ്ങി നിറഞ്ഞ റിയാദ് കിംഗ് സയിദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത് സൂപ്പർ ക്ലാസികോ മത്സരത്തിൽ ലയണൽ മെസിയുടെ ബൂട്ടിൽ നിന്ന് പിറന്ന ഏക ഗോളിൽ ബ്രസീലിനെ അർജന്‍റീന പരാജയപ്പെടുത്തി. കഴിഞ്ഞ വര്ഷം ഒക്ടോബോറിൽ ജിദ്ദയിൽ നടന്ന ആദ്യ സൂപ്പർ ക്ലാസികോ മത്സരത്തിൽ അവസാന മിനിട്ടിൽ നേടിയ ഗോളിൽ ബ്രസീലിനായിരുന്നു വിജയം.

തെക്കേ അമേരിക്കയിലെ പരമ്പരാഗത ഫുട്ബോൾ വൈരികളായ അർജന്‍റീനക്കും ബ്രസീലിനും മാറി മാറി ജയ് വിളിക്കുന്ന ആയിരക്കണക്കിന് കാണികളുടെ ആവേശത്തിരയിളക്കത്തിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ബ്രസീൽ ടീം കളിയിലുടനീളം ആധിപത്യം പുലർത്തിയെങ്കിലും ലക്ഷ്യം കാണുന്നതിൽ അവർ പരാജയപ്പെട്ടു. പരിക്കുമൂലം മാറിനിന്ന ബ്രസീലിയൻ സ്ട്രൈക്കെർ നെയ്മർ ജൂണിയറിന്‍റെ അഭാവം കളിയിൽ മുഴച്ചു നിന്നു. കളിയുടെ പത്താമത് മിനുറ്റിൽ ബ്രസീലിനു ലഭിച്ച ഒരു പെനാൽറ്റി മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേല ജീസസ് പുറത്തേക്കടിച്ചു കളഞ്ഞതോടെ ടീമിന്‍റെ ഭാഗ്യദോഷം ആരംഭിച്ചു. എന്നാൽ മൂന്ന് മാസത്തെ ഫിഫയുടെ വിലക്കിനു ശേഷം ആദ്യമായി കളത്തിലിറങ്ങിയ ലയണൽ മെസി മികച്ച മുന്നേറ്റങ്ങളാണ് അർജന്‍റിനക്കുവേണ്ടി കാഴ്ച വച്ചത്.

പതിനാലാം മിനിറിൽ അർജന്‍റീനക്ക് ലഭിച്ച പെനാൽറ്റി ലയണൽ മെസി അടിച്ചെങ്കിലും ബ്രസീലിയൻ ഗോൾ കീപ്പർ അലിസൺ ബെക്കർ മനോഹരമായി തടുത്തിട്ടു. ഗോൾ കീപ്പറുടെ കയ്യിൽ നിന്നും തെറിച്ച റീബൗണ്ട് ബോൾ ഓടിയെത്തി കണക്ട് ചെയ്ത് മെസി അത് ഗോളാക്കി മാറ്റി. പിന്നീട് ഗോൾ മടക്കാനുള്ള ബ്രസീൽ ടീമിന്‍റെ ശ്രമങ്ങളെല്ലാം അർജന്‍റീനൻ പ്രതിരോധത്തിൽ തട്ടി തെറിച്ചു പോകുന്ന കാഴ്ചയാണ് കണ്ടത്.

സ്കോർ ഉയർത്താനുള്ള അർജന്‍റീനയുടെ ശ്രമങ്ങളാകട്ടെ ലിവർപൂൾ ഗോൾ കീപ്പർ കൂടിയായ അലിസണിന്‍റെ മിന്നുന്ന പ്രകടനത്തിൽ നിഷ്ഫലമായി. തന്‍റെ മികച്ച ഫോമിലേക്കുയരാൻ പരിക്ക് മൂലം കഴിയാതെ പോയ വില്ലിയേന് പകരമായി അവസാനത്തെ 20 മിനിറ്റ് പതിനെട്ടുകാരനായ റോഡ്രിഗോയെ ബ്രസീൽ കോച്ച് പരീക്ഷിച്ചു നോക്കിയെങ്കിലും സമനില ഗോൾ പോലും അവർക്ക് നേടാനായില്ല.

അറബ് ആരാധകർക്കൊപ്പം ഇരച്ചെത്തിയ മലയാളി ഫുട്ബോൾ ഭ്രാന്തന്മാരുടെ പ്രകടനങ്ങളാണ് ഗാലറികളിൽ ഏറെ ശ്രദ്ധേയമായത് . ഇരു ടീമുകളുടെയും ജേഴ്സിയും പതാകയും പ്ലക്കാർഡുകളുമേന്തി മലയാളികൾ കുടുംബസമേതവും അല്ലാതെയും ഗാലറികളിൽ കളി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപേ എത്തിയിരുന്നു. മലയാളത്തിലുള്ള പ്ലക്കാർഡുകളും നിറയെ കാണാമായിരുന്നു. 'ഫുട്ബോൾ ചന്ദ്രനിലാണെങ്കിലും മലപ്പുറത്തുകാർ അവിടെയെത്തും' എന്ന മുദ്രാവാക്യവും വഞ്ചിപ്പാട്ടിന്റെ ഈണത്തിലുള്ള പ്രോത്സാഹന ഈരടികളും ഗാലറികളിൽ മുഴങ്ങി കേട്ടു.

200 മുതൽ 5000 റിയാൽ വരെയുണ്ടായിരുന്ന ടിക്കറ്റുകൾ വിൽപ്പന തുടങ്ങി പിറ്റേ ദിവസം തന്നെ വിറ്റു തീർന്നിരുന്നു. 25000 പേർക്കിരിക്കാവുന്ന കിംഗ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ കളി കാണാനെത്തിയത് 22542 പേരാണ്. ജിദ്ദയിൽ നിന്നും ദമാമിൽ നിന്നും കൂട്ടമായി കളി കാണാനെത്തിയ നിരവധി മലയാളികളെ ഗാലറികളിൽ കണ്ടു. റിയാദ് സീസണിന്‍റെ ഭാഗമായി നടന്ന മത്സരത്തിനായി സൗദി സ്പോർട്സ് അതോറിറ്റി മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തിയത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ