"നിശ്ചലത സമൂഹത്തെ പിറകോട്ടു വലിക്കുന്ന പ്രവർത്തി'
Saturday, October 12, 2019 8:18 PM IST
കുവൈത്ത്‌ : സമൂഹത്തിനുവേണ്ടി പ്രവർത്തിക്കാതിരിക്കുന്നതും പ്രതികരിക്കാതിരിക്കുന്നതും ഒരു നിഷ്പക്ഷ നിലപാട് അല്ലെന്നും പകരം അത് സമൂഹത്തെ പിറകോട്ടു വലിക്കുന്ന പ്രവർത്തിയാണെന്നും നല്ല സാമൂഹികാവസ്ഥ ആഗ്രഹിക്കുന്നവർ ഓർക്കണമെന്ന് എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്‍റും പ്രമുഖ ലീഡർഷിപ്പ് ട്രെയ്‌നറുമായാ റിഹാസ് പുലാമന്തോൾ.
കെകെഎംഎ യുടെ പ്രധാന പ്രവർത്തകർക്കായി ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ നടത്തിയ നേതൃത്വ സംഗമത്തിൽ ക്ലാസ് എടുക്കുകയായിരുന്നു അദ്ദേഹം.

അറുപതും എഴുപതും കഴിഞ്ഞ വൃദ്ധരും ഒരു നേരത്തെ ആഹാരത്തിനുവേണ്ടി കിതച്ചും ചോരതുപ്പിയും റിക്ഷവണ്ടി വലിക്കുന്ന സമൂഹമാണ് നമ്മുടേത്.നമ്മുടെ സമയവും നമ്മുടെ അധ്വാനം സമൂഹത്തെ നവീകരിക്കാൻ , സമൂഹത്തെ നിർമിക്കാൻ എങ്ങനെ ഉപയോഗിക്കണമെന്ന് ഓരോ സാമൂഹ്യ പ്രവർത്തകനും ഓരോ നിമിഷവും ഓർക്കണം .ഒരു പാട് ത്യാഗത്തിന്‍റേയും അധ്വാനത്തിന്‍റേയും ഫലമായി നേടിയെടുത്ത നേട്ടങ്ങൾ അതെ പോലെ നിലനിർത്താൻ അതിനേക്കാൾ വലിയ ത്യാഗവും ഊർജവും വേണ്ടതുണ്ട്. നമ്മുടെ സ്വാത്രന്ത്യബോധം ഈ വിധത്തിൽ ഉയർന്നു നില്കണം - അദ്ദേഹം പറഞ്ഞു.

ചെയർമാൻ എൻ.എ. മുനീർ ഉദ്ഘാടനം ചെയ്തു. കെകെഎംഎ പ്രസിഡന്‍റ് എ.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. കെ.സി. ഗഫൂർ പരിചയപ്പെടുത്തൽ നടത്തി. ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും വി.പി.നവാസ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ