ഇന്ത്യൻ സ്‌കൂൾ ഫീസ് വർധന പിൻവലിക്കണം. കെഎംസിസി
Monday, September 23, 2019 7:26 PM IST
ജിദ്ദ: ജിദ്ദാ-ഇന്ത്യൻ സ്‌കൂൾ അധികൃതരുടെ അന്യായമായ ഫീസ് വർധന ഉടൻ പിൻവലിക്കണമെന്ന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.

ഒരു കാരണവും കൂടാതെ ഒറ്റയടിക്ക് 25 ശതമാനം ഫീസ് വർധിപ്പിച്ച ഇന്ത്യൻ സ്‌കൂൾ അധികൃതരുടെ തീരുമാനം ഇന്ത്യൻ സമൂഹത്തോട് ചെയ്യുന്ന കടുത്ത ചൂഷണമാണെന്നും തികച്ചും അന്യായമായ ഇപ്പോഴത്തെ ഫീസ് വർധനവ് ഉടൻ പിൻവലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ നടന്ന യോഗം വൈസ് പ്രസിഡന്‍റ് സി.കെ.റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്‍റ് വിപി.മുസ്തഫ അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച വിവിധ പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി. കേരളത്തിലെ വിവിധ സി.എച്ച് സെന്‍ററുകളിലേകായി ജിദ്ദ സെൻട്രൽ കമ്മിറ്റി നൽകിയ നാല്പത് ലക്ഷത്തോളം രൂപയുടെ കണക്കും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിലേക്കായി ലഭിച്ച ഫണ്ട് വിവരങ്ങളും പ്രവർത്തക സമിതി അംഗീകരിച്ചു.

ഈയിടെ വെള്ളടാങ്കിൽ വീണു മരണമടഞ്ഞ തേഞ്ഞിപ്പലം സ്വദേശി ഹംസയുടെ രണ്ട് മക്കളുടെ വിവാഹത്തിലേക്ക് വരുന്ന മുഴുവൻ ചെലവും ജിദ്ദ കെഎംസിസി വഹിക്കും. മർഹും ഹംസ സഹായ ഫണ്ടിലേക്ക് സംഭാവന നൽകിയ മുഴുവൻ വ്യക്തികളേയും കമ്മിറ്റികളേയും യോഗം നന്ദി പറഞ്ഞു.

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 23 നു ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ നടക്കുന്ന രക്തദാന ക്യാമ്പ് വിജയിപ്പിക്കാനും സെൻട്രൽ കമ്മിറ്റി നടത്തുന്ന രാഷ്ട്രീയ പഠന ക്ലാസ്, സൈബർ ശില്പശാല എന്നിവയിലേക്ക് വിവിധ ഏരിയ മണ്ഡലം ജില്ലാ കമ്മിറ്റികളിൽ നിന്ന് രജിസ്‌ട്രേഷൻ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

സെൻട്രൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്‍റ് വി.പി.അബ്ദുറഹിമാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി അസീസ് കൊട്ടോപാടം കെഎംസിസി പാഠശാലയെ കുറിച്ച് വിശദീകരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, പിസിഎ റഹ്‌മാൻ, അബ്ദുള്ള പാലേരി, ശിഹാബ് താമരക്കുളം, ശൗകത്ത് ഞാറക്കോടൻ എന്നിവർ സംസാരിച്ചു.

വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ചു മജീദ് ഷൊർണ്ണൂർ, മൂസ്സ കാപ്പാട്, മജീദ് അരിമ്പ്ര, സാമ്പിൽ മമ്പാട്, റഫീഖ് പന്താരങ്ങാടി, അഷ്‌റഫ് ബലദ്, സലിം സൂഖുൽ ഗുറാബ്, ജുനൈസ്, പികെ.റഷീദ്, ശരീഫ് ഇരുമ്പുഴി, ബാപ്പുട്ടി ഖുംറ, നാണി ഇസ്‌ഹാഖ്‌, നൗഫൽ അൽസാമിർ, നൗഷാദ് ചപ്പാരപടവ്, അബ്ബാസ് വേങ്ങൂർ, ജലീൽ ഒഴുകൂർ, ഇബ്രാഹിംകുട്ടി തിരുവല്ല, നജ്മുദ്ധീൻ വയനാട്, കെ.കെ.മുഹമ്മദ്, അയ്യൂബ് സീമാടൻ, നാസർ ഒളവട്ടൂർ, അഷ്‌റഫ് താഴെക്കോട് എന്നിവർ സംസാരിച്ചു. സെക്രട്ടറി നാസർ മച്ചിങ്ങൽ നന്ദി പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ