അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഓണാഘോഷം പൊടിപൂരം
Sunday, September 22, 2019 3:36 PM IST
അബുദാബി: സംഘടനാ മികവുകൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. കടുത്ത ചൂടിനെ പോലും അവഗണിച്ച് സെന്റര്‍ അങ്കണത്തിലേക്ക് ഒഴുകിയെത്തിയ ആബാലവൃദ്ധം ജനങ്ങളും കൈമെയ് മറന്ന് ഓണാഘോഷ പരിപാടി വന്‍ വിജയമാക്കി . ഉച്ചയ്ക്ക് ആരംഭിച്ച ഓണാഘോഷ പരിപാടികള്‍ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.

പൂക്കള മത്സരത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം മത്സരം സംഘടിപ്പിച്ചിരുന്നു. യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സരാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നിരുന്നു . കുട്ടികളുടെ വിഭാഗത്തില്‍ 8 ടീമുകളും മുതിര്‍ന്നവരുടെ വിഭാഗത്തില്‍ 9 ടീമുകളും മത്സരത്തില്‍ പങ്കെടുത്തു.ഒരു ടീമില്‍ മൂന്നു പേരെയാണ് ഉള്‍പ്പെടുത്തിയത് . കുട്ടികളുടെ വിഭാഗത്തില്‍ അശ്വതി വിപിന്‍, ഫൈസ, ശ്രീയ സതീഷ് എന്നിവര്‍ ചേര്‍ന്ന ടീമിനാണ് ഒന്നാം സ്ഥാനം. ആല്‍ഫി ടോമി , അമൃത മാധവ്, ആദി മാധവ് എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും ഗൗതം രാജേഷ്, മിഥുന്‍ സുരേഷ് , ഹൃദ്യ ബാലചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ സന്ധ്യ, സൂര്യ, പ്രീത( അബുദാബി മലയാളി സമാജം )എന്നിവരടങ്ങിയ ടീമിന് ഒന്നാം സ്ഥാനവും മനോരഞ്ജിനി , അനു വര്‍ഗീസ് , ഇവിനീ ജോസ്,( ഫ്രണ്ട്‌സ് ഓഫ് ശാസ്താ സാഹിത്യ പരിഷത്ത് )എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും സുമ വിപിന്‍, ശ്രീദേവി സതീഷ്, സംഗീത രാജേഷ് (ശക്തി അബുദാബി) രഞജിത , ചന്ദ്രിക , ദിവ്യ പ്രതുല്‍ എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു . അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ലൈബ്രറിയുടെ നാലപ്പത്തിയേഴാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യുഎഇ തല ഉപന്യാസ രചനാ മത്സര വിജയികള്‍ക്കും പൂക്കള്‍ മത്സര വിജയികള്‍ക്കും ഓണാഘോഷ പരിപാടിയില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിജയികള്‍ക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് എ. കെ ബീരാന്‍ കുട്ടി , അബുദാബി കമ്മ്യൂണിറ്റി പോലീസ് ഫസ്റ്റ് ലഫ്റ്റനന്റ് ഫാദില്‍ തമീമി എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഉറിയടി തുടങ്ങിയ കായിക മത്സരങ്ങളും സംഘടിപ്പിച്ചു . സെന്ററില്‍ നടന്ന മാവേലി എഴുന്നള്ളത്ത് ഏവരെയും ആകര്‍ഷിച്ചു. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുടകളേന്തിയ ഒട്ടേറെ കുട്ടികളും വനിതകളും പുരുഷന്മാരും മാവേലി എഴുന്നള്ളത്തില്‍ പങ്കാളികളായി. മാവേലി എഴുന്നള്ളത്തിനുശേഷം സെന്റര്‍ അങ്കണത്തില്‍ നിറഞ്ഞ സദസ്സില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിര ശ്രദ്ധേയമായി . അപ്പുണ്ണി ശശിയുടെ ഏക പാത്ര നാടകമായ 'ചക്കരപ്പന്തല്‍ 'നാടകത്തോടെയാണ് പരിപാടികള്‍ക്ക് സമാപനം കുറിച്ചത് . നാല്‍പ്പത് മിനുട്ടു നീണ്ടു നിന്ന നാടകത്തില്‍ നാല് കഥാപാത്രങ്ങളെയാണ് അദ്ദേഹം അരങ്ങിലെത്തിച്ചത്. നാട്ടിന്‍ പുറത്തുകാരിയായ ചക്കര എന്ന അവിവാഹിതയായ യുവതിയുടെ കഥയാണ് ചക്കരപ്പന്തല്‍ എന്ന നാടകം അനാവരണം ചെയ്തത് .ചക്കര , അയല്‍വാസി മാളുഅമ്മ ,ചക്കരയുടെ ചേട്ടന്‍, വെട്ടുകാരന്‍ കണാരന്‍ , എന്നീ നാല് കഥാപാത്രങ്ങളാണ് അരങ്ങില്‍ എത്തിയത് .വളരെ മികവാര്‍ന്ന അഭിനയമാണ് അപ്പുണ്ണി ശശി കാഴ്ചവച്ചത്. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് എ . കെ ബീരാന്‍ കുട്ടി, വനിതാ വിഭാഗം കണ്‍വീനര്‍ ഷൈനി ബാലചന്ദ്രന്‍ , ആക്ടിംഗ് ജനറല്‍ സെക്രെട്ടറി നിര്‍മ്മല്‍ തോമസ്, അബുദാബി കമ്മ്യൂണിറ്റി പോലീസ് ഫസ്റ്റ് ലഫ്റ്റനന്റ് ഫാദില്‍ തമീമി, സെന്റര്‍ കലാവിഭാഗം സെക്രട്ടറി ഹാരിസ്. സി.എം.പി തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള