ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ കാത് ലാബ് ഉദ്ഘാടനം 16 ന്
Saturday, June 15, 2019 8:21 PM IST
ജിദ്ദ: ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ പുതുതായി തുടങ്ങുന്ന അത്യാധുനിക കാത്ത് ലാബിന്‍റെ ഉദ്ഘാടനം ജൂൺ 16 ന് (ഞായർ) രാത്രി 8 ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ജെഎൻഎച്ച് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.പി മുഹമ്മദലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അഞ്ചോളം കാർഡിയോളജിസ്റ്റുകളുള്ള ഡിപ്പാർട്ടുമെന്‍റിൽ എല്ലാവിധ ആധുനിക ചികിത്സ സംവിധാനവും സജ്ജമാണ്. ഹൃദയാഘാതം സംഭവിക്കുന്ന രോഗികൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി അവരുടെ ജീവൻ രക്ഷിക്കുന്ന കാത് ലാബ് സംവിധാനം ഭാവിയിൽ ഹൃദ് രോഗികൾക്ക് കൂടുതൽ ആധുനിക ചികിത്സ ലഭ്യമാക്കുന്നതിന്‍റെ തുടക്കമാണ്. മലയാളികൾ ഉൾപ്പെടെ നിരവധി ഹൃദ്രോഗികളാണ് ചികിത്സ തേടുന്നത്. വിവിധ രാജ്യക്കാരായ ഡോക്ടർമാരുടെ സേവനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

രോഗിയുടെ ജീവന് ഭീഷണിയാവുന്ന ഹൃദയാഘാതത്തിന് എത്രയും വേഗത്തിൽ ചികിത്സ നൽകാൻ കാത്ത് ലാബ് സംവിധാനത്തിലൂടെ സാധിക്കുമെന്ന് പുതുതായി ചുമതലയേറ്റ കാർഡിയോളജിസ്റ്റും മലയാളിയുമായ ഡോ. ഫാസിൽ ബിഷാറ പറഞ്ഞു. മറ്റേതൊരു രോഗത്തേക്കാളും വേഗത്തിൽ ജീവനെടുക്കുന്ന ഹൃദയാഘാതം തടയാൻ രക്ത ധമനികളിലെ തടസങ്ങൾ നീക്കം ചെയ്ത് രോഗിയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന സംവിധാനമാണിത്. ആൻജിയോഗ്രാം ടെസ്റ്റിലൂടെ എന്തു തരം ചികിത്സയാണ് രോഗിക്ക് വേണ്ടതെന്ന് ഉറപ്പുവരുത്താൻ സാധിക്കും.

ആൻജിയോഗ്രാം ടെസ്റ്റ് നടത്തുന്നവർക്ക് ബലൂൺ ശസ്ത്രക്രിയ ആണോ ഹൃദയം തുറന്ന ശസ്ത്രക്രിയയാണോ വേണ്ടതെന്ന് ഇവിടെ തീരുമാനിക്കാം. ആൻജിയോഗ്രാം ടെസ്റ്റ് നടത്തുന്ന രോഗികൾക്ക് പലപ്പോഴും മരുന്ന് ചികിത്സയേ വേണ്ടി വരൂ. എല്ലാവർക്കും ശസ്ത്രക്രിയ വേണ്ടി വരില്ല - ഡോ. ഫാസിൽ ബിഷാറ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ജെഎൻഎച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ അലി മുഹമ്മദ് അലി, ഇമ്പാല ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഷിയാസ് ഇമ്പാല എന്നിവരും പെങ്കടുത്തു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ