ജെനി മാത്യുവിന്‍റെ മൃതദേഹം നാട്ടിലേക്ക്
Friday, June 14, 2019 3:35 PM IST
ജിദ്ദ: ജിദ്ദ നവോദയയുടെ സജീവ പ്രവര്‍ത്തകനായിരുന്ന പത്തനംതിട്ട അടൂർ മരുതിമൂട് ഇളമന്നൂരിലെ ആറുവിള ജോയൽ ഡേയ്‌ലിലെ ജെനി മാത്യുവിന്‍റെ (45) മൃതദേഹം വെള്ളിയാഴ്ച പുലർച്ചെയുള്ള സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലെത്തിക്കും. സംസ്കാരം ജൂൺ 15ന് (ശനി) മങ്ങാട് സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.

ഉയർന്ന രക്തസമ്മർദ്ദത്തെത്തുടർന്ന് മേയ് 24ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലായിരുന്ന ജെനി മാത്യു തലച്ചോറിലെ അമിത രക്തസ്രാവത്തെ തുടർന്നു മേയ് 30 നാണ് മരിച്ചത്. പരേതന്‍റെ ആഗ്രഹപ്രകാരം അവയവങ്ങൾ ദാനം ചെയ്തു. ജെനി മാത്യുവിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നവോദയ ജീവകാരുണ്യവിഭാഗം പ്രവർത്തകരായ ജലീൽ ഉച്ചാരക്കടവ്, ബഷീർ മമ്പാട്, അനൂപ് മാവേലിക്കര, ജിദ്ദയിലെ ജീവകാരുണ്യ പ്രവർത്തകനായ നൗഷാദ് മമ്പാട് എന്നിവർ നേതൃത്വം നൽകി.

നവോദയ പ്രവർത്തകനും ഇടത് സൈബർരംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ജെനി മാത്യു കഴിഞ്ഞ 23 വർഷമായി പ്രവാസത്തിലായിരുന്നു. എട്ടു വര്‍ഷത്തോളമായി ജിദ്ദയിൽ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ലിയ ജിദ്ദ ന്യൂ അൽവുറൂദ് ഇന്‍റർനാഷണൽ സ്‌കൂൾ അധ്യാപിക. ജോയൽ മാത്യു ജെനി, ജോആൻ റേച്ചൽ ജെനി എന്നിവർ മക്കളാണ്. അരുവിള ചാരുവിളയിൽ പരേതരായ സി.വൈ. മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ്. സഹോദരൻ മോനച്ചൻ, സഹോദരിമാർ റോസമ്മ, ലീലാമ്മ.

നവോദയ ജിദ്ദ ഖാലിദ് ബിൻ ഏരിയ ഹംറ യൂണിറ്റ് അംഗമായിരുന്ന ജെനി മാത്യുവിന്‍റെ നിര്യാണത്തിൽ നവോദയ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ