കോഴിക്കോടൻസ് കൈറ്റ് ഫെസ്റ്റ് ശനിയാഴ്ച റിയാദിൽ
Friday, June 14, 2019 1:47 AM IST
റിയാദ്: കേരളത്തിന്‍റെ പ്രശസ്തി ലോകത്തിന്‍റെ നെറുകയിലെത്തിച്ച വണ്‍ ഇന്ത്യ കൈറ്റ് ടീം റിയാദിൽ എത്തുന്നു. റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടൻസിന്‍റെ നേതൃത്വത്തിൽ ജൂണ്‍ 15ന് ശനിയാഴ്ച വൈകുന്നേരം 3 മുതൽ തുമാമയിൽ വച്ചു നടക്കുന്ന ’കോഴിക്കോടൻസ് കൈറ്റ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിനാണ് പട്ടം പറത്തി ഉയരങ്ങൾ കീഴടക്കിയ വണ്‍ ഇന്ത്യ കൈറ്റ് ടീം ഇവിടെയെത്തുന്നത്.

സൗദിയിൽ ജിദ്ദ, അൽ ഹസ എന്നിവിടങ്ങളിൽ ഇവർ പട്ടം പറത്തൽ സംഘടിപ്പിച്ചിരുന്നെങ്കിലും റിയാദിൽ ഇതാദ്യമായാണ് കൈറ്റ് ഫെസ്റ്റ് നടക്കുന്നത്. കുട്ടികളെയും മുതിർന്നവരേയും ഒരു പോലെ ആകർഷിക്കുന്ന പട്ടം പറത്തലിന്‍റെ മനോഹരമായ വിവിധ രൂപങ്ങൾ റിയാദിന് നവ്യാനുഭവമായിരിക്കും.

കോഴിക്കോട്ടുകാരായ 12 പേരാണ് റിയാദിലെ കൈറ്റ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. പട്ടം പറത്തലിന് വേണ്ടി തുമാമയിൽ നല്ല കാറ്റ് ലഭിക്കുന്ന വിശാലമായ സ്ഥലമാണ് സംഘാടകർ കണ്ടെത്തിയിരിക്കുന്നത്. വിവിധ വർണങ്ങളിലും രൂപങ്ങളിലുമുള്ള പട്ടങ്ങൾ വലുപ്പത്തിലും വൈവിധ്യമുള്ളവയായിരിക്കും. ഇവ ഒന്നൊന്നായി അന്തരീക്ഷത്തിലേക്ക് ഉയരുന്നതോടെ അതി മനോഹരമായ ഒരു ദൃശ്യാനുഭമായിരിക്കും കാണികൾക്ക് സമ്മാനിക്കുക.

കണ്ണുകൾ കൊണ്ട് കാണാൻ കഴിയുന്ന ഉയരത്തിൽ പറക്കുന്ന പട്ടങ്ങൾ കോട്ടണ്‍, നൈലോണ്‍ നൂലുകളും പാരച്ചൂട്ട് മെറ്റീരിയലും ഉപയോഗിച്ചാണ് തയാറാക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള വണ്‍ ഇന്ത്യ കൈറ്റ് ടീം അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അടുത്ത സൗദി ദേശീയ ദിനത്തിൽ തലസ്ഥാന നഗരിയിൽ കൈറ്റ് ഫെസ്റ്റ് സംഘടിപ്പിക്കാൻ വണ്‍ ഇന്ത്യാ കെറ്റ് ടീമിന് പരിപാടിയുണ്ട്. യോഗത്തിൽ പ്രസിഡന്‍റ് ഷക്കീബ് കൊളക്കാടൻ അധ്യക്ഷത വഹിച്ചു. കൈറ്റ് ഫെസ്റ്റിന്‍റെ നടത്തിപ്പിനായി മിർഷാദ് ബക്കർ ചീഫ് കോഓർഡിനേറ്റർ ആയി വിപുലമായ കമ്മറ്റി രൂപീകരിച്ചു. ശിഹാബ് കൊടിയത്തൂർ, സുഹാസ് മുക്കം, ഫൈസൽ പൂനൂർ, അബ്ദുൽ കരീം കൊടുവള്ളി, മുനീബ് പാഴൂർ, അക്ബർ വേങ്ങാട്ട്, ഉമ്മർ മുക്കം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി നാസർ കാരന്തൂർ സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ മിർഷാദ് ബക്കർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ