ക്യുഎൽഎസ് സംഗമം
Thursday, May 16, 2019 3:37 PM IST
ദമാം: സൗദി ഇന്ത്യൻ ഇസ് ലാഹി സെന്‍റർ സൈഹാത്തിലെ അൽ വിആം റിസോർട്ടിൽ നടത്തിയ ക്യുഎൽഎസ് സംഗമം മുഴുവൻ പഠന കേന്ദ്രങ്ങളിലെയും പഠിതാക്കൾക്ക് വിജ്ഞാന വിരുന്നായി.

മാനവിക വിഷയങ്ങളിൽ വിശിഷ്യാ ആധുനിക വെല്ലുവിളികളെ ഖുർആനിന്‍റെ വൈജ്ഞാനിക രീതിശാസ്ത്രം അടിസ്ഥാനമാക്കിയ ചിന്തകളിലൂടെയും പഠനങ്ങളിലൂടെയും നേരിടുന്നതിൽ സമുദായത്തിന് ദിശാബോധം നൽകാൻ ഖുർആൻ ലേണിംഗ് സ്കൂളുകൾ സഹായകമാണെന്നു സംഗമം വിലയിരുത്തി.

മാനസിക സംഘർഷങ്ങളിൽ ഉലയുന്ന ആധുനിക സമൂഹത്തിനു ശമന ഔഷധമാണ് ഖുർആനിന്‍റെ വെളിച്ചമെന്നും അടിസ്ഥാന രഹിതമായ നിരാശയും അമിതമായ ആഹ്ലാദവുമാണ് മനുഷ്യനെ വഴികേടിലേക്ക് നയിക്കുന്നതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അബ്ദുസലാം മദനി കുണ്ടുതോട് അഭിപ്രായപ്പെട്ടു.

പ്രമുഖ ഖാരിഅ് ഇമ്രാൻഖാൻ ഹൈദരാബാദിന്റെ ഖുർആൻ പാരായണത്തിന്റെ ശ്രവണ മാധുര്യം സദസിനു നവ്യാനുഭവമായിമാറി. തുടർന്ന് സൂറത്തു ശൂഅറാഇനെ അടിസ്ഥാനമാക്കി എഴുത്തുപരീക്ഷ, തജ്‌വീദ്, ഹിഫ്ദ്, പ്രസംഗ മത്സരം, ക്വിസ് തുടങ്ങി പഠിതാക്കളുടെ വിവിധ മത്സരങ്ങൾ നടന്നു. സ്ത്രീകളും കുട്ടികളുമടക്കം 200 ഓളം പഠിതാക്കൾ സംഗമത്തിൽ പങ്കെടുത്തു.

ഇസ് ലാഹി സെന്‍റർ ഭാരവാഹികളായ അബ്ദുൽ മജീദ് ചുങ്കത്തറ, യൂസുഫ് തോട്ടശേരി, ലുക്ക്മാൻ കല്ലടത്തു, യൂസുഫ് കൊടിഞ്ഞി, മുനീർ ഹാദി എന്നിവർ ക്യാമ്പ് അംഗങ്ങൾക്ക് സന്ദേശം നൽകി. ഇസ് ലാഹി സെന്റർ വൈസ്പ്രസിഡന്‍റ് പി.കെ. ജമാൽ മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. നൗഷാദ് എം വി. ആസിഫ് ഉസ്മാൻ, ഷെമീം സ്സഖാഫ്, ഷബീർ വെള്ളടത്ത്, ഹുസൈൻ, ഷിയാസ്, അഷ്‌റഫ്, വഹീദുദ്ധീൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം