ബിഡികെ കായിക സംഘടനകളോടൊപ്പം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
Sunday, April 21, 2019 11:39 AM IST
കുവൈറ്റ്: ബിഡികെ കുവൈറ്റ് ചാപ്റ്റര്‍, ഹൈലൈറ്റ് ബോയ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റേയും, പാകിസ്ഥാനി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കുവൈത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍, യൂണിമണിയുടെ പിന്തുണയോടെ ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദേശഭാഷകളുടെ അതിര്‍വരമ്പുകളില്ലാതെ സമൂഹത്തില്‍ പരസ്പര സ്‌നേഹവും, സൗഹൃദവും ഊട്ടിയുറപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും രക്തദാനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും. അതുവഴി കൂടുതല്‍ രക്തദാതാക്കളെ സന്നദ്ധരക്തദാനത്തിലേക്ക് എത്തിക്കുക എന്നതുമാണ് ബിഡികെയുടെ ക്യാമ്പുകളുടെ ലക്ഷ്യം.

പ്രതിമാസരക്തദാനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിഡികെ ഈ വര്‍ഷം സംഘടിപ്പിച്ച ആറാമത് ക്യാമ്പില്‍ ഇരുന്നൂറിനടുത്ത് കായികപ്രേമികള്‍ പങ്കെടുത്തു. ക്രിക്കറ്റ് കളി എന്ന വിനോദത്തിനപ്പുറം സമൂഹത്തില്‍ ഏറ്റം പ്രാധാന്യമുള്ള രക്തദാനമെന്ന മഹത്തായ കര്‍മ്മത്തില്‍ പങ്കാളികളാകുവാന്‍ സാധിച്ചു എന്നതില്‍ പങ്കെടുത്തവര്‍ അതിയായ ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു. രക്തത്തിനു പകരം നല്‍കാന്‍ മറ്റൊന്നുമില്ല എന്നും, ഓരോരുത്തരും നല്‍കിയ രക്തം മൂന്നു ജീവനുകള്‍ വീതം രക്ഷിക്കപ്പെടാന്‍ ഉതകും എന്ന വലിയ തിരിച്ചറിവും കൊണ്ടാണ് രക്തദാതാക്കള്‍ ജാബ്രിയ ബ്ലഡ് ബാങ്ക് വിട്ടു പുറത്തിറങ്ങിയത്. ടീമംഗങ്ങള്‍ക്കു മുഴുവന്‍ ഇതൊരു പുതിയ അനുഭവമായിരുന്നു എന്നും, ഇനിമുതല്‍ എല്ലാ മൂന്നു മാസം കൂടുമ്പോഴും രക്തം ദാനം ചെയ്യാന്‍ സന്നദ്ധരാണ് എന്നുള്ള ഉറപ്പും നല്‍കിയാണ് അംഗങ്ങള്‍ പിരിഞ്ഞത്.

ബിഡികെ കുവൈത്ത് ചാപ്റ്റര്‍ പേട്രണ്‍ മനോജ് മാവേലിക്കര, പ്രസിഡണ്ട് രഘുബാല്‍ തെങ്ങുംതുണ്ടില്‍, വൈസ് പ്രസിഡണ്ട് ജയകൃഷ്ണന്‍, ട്രഷറര്‍ രമേശന്‍, ഹൈ ലൈറ്റ് ബോയ്‌സ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷെഫീര്‍, പിഎസ്എ ഫൌണ്ടര്‍ ഇര്‍ഫാന്‍ ആദില്‍, പ്രസിഡണ്ട് മഖ്ബൂല്‍ അഹമദ് എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആശംസകള്‍ നേര്‍ന്നു. പ്രശസ്ത പ്രവാസി കാലിഗ്രഫി ആര്‍ട്ടിസ്റ്റ് ഷെയ്ക്ക് ചാവ്കി ചലക് ബിഡികെ കുവൈത്തിനും, എല്ലാ ഇന്ത്യക്കാര്‍ക്കും ലൈവ് കാലിഗ്രഫി ആശംസകള്‍ എഴുതി നല്‍കി.

ബിഡികെ കുവൈറ്റ് ജോ. സെക്രട്ടറിയും, ക്രിക്കറ്റ് ടീം മാനേജരുമായ മുനീര്‍ പിസി ക്യാമ്പിന്റെ ഏകോപനം നടത്തി. ജനറല്‍ കണ്‍വിനര്‍ ബിജി മുരളി, മീഡിയ കോര്‍ഡിനേറ്റര്‍ പ്രശാന്ത് കൊയിലാണ്ടി, പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് ബിജു കുമ്പഴ, ഏയ്ഞ്ചല്‍സ് ടീം കോര്‍ഡിനേറ്റര്‍മാരായ യമുന രഘുബാല്‍, ധന്യ ജയകൃഷ്ണന്‍, ബിഡികെ കോ ഓര്‍ഡിനേറ്റര്‍മാരായ പ്രവീണ്‍ കാടാമ്പുഴ, അനീഷ് നായര്‍, വിനീഷ് മുന്നാട്, അനന്തകൃഷ്ണന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍