ദേശീയ സാഹിത്യോൽസവ്: കുവൈത്ത് സിറ്റി ജേതാക്കൾ
Monday, January 21, 2019 7:46 PM IST
സാൽമിയ : കുവൈത്തിലെ പ്രവാസി മലയാളികൾക്കായി കലാലയം സാംസ്കാരിക വേദി ഒരുക്കിയ പത്താമത് എഡിഷൻ സാഹിത്യോൽസവിനു ഉജ്ജ്വല പരിസമാപ്തി. നാലു വിഭാഗങ്ങളിൽ 85 ഇനങ്ങളിലായി നടന്ന വാശിയേറിയ മൽസരങ്ങൾക്കൊടുവിൽ 289 പോയിന്‍റുകളുമായി കുവൈത്ത് സിറ്റി ജേതാക്കളായി. ഫഹാഹീൽ, ഫർവാനിയ എന്നീ സെൻട്രലുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സമാപന സംഗമത്തിൽ മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ.പി. രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. മനുഷ്യരെ ഒരുമിപ്പിച്ച് സമൂഹത്തിൽ മാനവികത വിളയിക്കുന്നതിൽ സാഹിത്യത്തിനു മുഖ്യ പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സഹജീവിയുടെ വേദന കാണാനുള്ള മനസും, ഭീകരതക്കും ഫാസിസത്തിനും എതിരെയുള്ള പ്രതിരോധവും സൃഷ്ടിക്കുന്നതിൽ സാഹിത്യോൽസവുകൾ മുഖ്യ പങ്കുവഹിക്കുന്നു. ഇടവപ്പാതിയിലെ മഴ പോലെ എല്ലാ ഗ്രാമങ്ങളിലും പെയ്തിറങ്ങി നാട്ടിൽ സ്നേഹ വിപ്ലവം തീർക്കാൻ സാഹിത്യോൽസവുകൾക്ക് സാധിക്കുന്നു. പരസ്പര വിദ്വേഷത്തിന്‍റെ വിത്തുകൾ മുളപ്പിക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് എല്ലാവരേയും ഹൃദയത്തോട് ചേർത്ത് നിർത്താനുള്ള ശ്രമമാണ് കലാലയം സാംസ്കാരിക വേദി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ 5 സെൻട്രലുകളെ പ്രതിനിധീകരിച്ചെത്തിയ 500-ഓളം പ്രതിഭകളാണ് രാവിലെ 9 മുതൽ രാത്രി 8 വരെ നാല് വേദികളിലായിനടന്ന മൽസരത്തിൽ മാറ്റുരച്ചത്. പ്രധാന വേദിയിൽ അരങ്ങേറിയ മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഖവാലി തുടങ്ങിയ മൽസരങ്ങൾ അരങ്ങേറി.

രാത്രി എട്ടിന് നടന്ന സമാപന സമ്മേളനം ടി.വി.എസ് ഗ്രൂപ്പ് ചെർമാൻ ഡോ. ഹൈദർ അലി ഉദ്ഘാടനം ചെയ്തു. ഐസിഎഫ് കുവൈത്ത് നാഷണൽ പ്രസിഡന്‍റ് അബ്ദുൽ ഹക്കീം ദാരിമി അധ്യക്ഷത വഹിച്ചു. നോർക്ക ഡയറക്ടർ അജിത് കുമാർ, ഐസിഎസ് കെ. അമ്മാൻ പ്രിൻസിപ്പൽ രാജേഷ് നായർ, മലബാർ ഗോൾഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് വിപിൻ , അഹ്മദ് കെ.മാണിയൂർ, ശുകൂർ മൗലവി,അഡ്വ. തൻവീർ ഉമർ, അബ്ദുള്ള വടകര, അബ്ദുള്ള സഅദി ചെറുവാടി, അബൂബക്കർ സിദ്ദീഖ് കൂട്ടായി, സലീം മാസ്റ്റർ, സ്വാദിഖ് കൊയിലാണ്ടി, ജാഫർ ചപ്പാരപ്പടവ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. അബൂ മുഹമ്മദ് സ്വാഗതവും റാശിദ് ചെറുശോല നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ