അബുദാബി ആര്‍ട്ട് ഹബ്ബില്‍ മലയാളിയുടെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി
Sunday, January 20, 2019 4:04 PM IST
അബുദാബി: സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി അബുദാബി ആര്‍ട്ട് ഹബ്ബില്‍ മലയാളിയുടെ ചിത്രപ്രദര്‍ശനം. തമിഴ് നാട്ടിലെ രാജപാളയത്ത് ജനിച്ച് വളര്‍ന്ന മലയാളിയായ ചിത്രകാരന്‍ ഡേവിഡ്. ഇ.ബെനീസറുടെ ചിത്രങ്ങളാണ് 'മൈന്‍ഡ് സ്‌കേപ്‌സ്' എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം വിവിധ നാടുകളില്‍ ചിത്ര പ്രദര്‍ശനം നടത്തുകയും നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാവുകയും ചെയ്തിട്ടുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കലാസൃഷ്ടികള്‍ അബുദാബി ആര്‍ട്ട് ഹബില്‍ പ്രദര്‍ശിപ്പിക്കാറുണ്ടെങ്കിലും യുഎ ഇ സഹിഷ്ണുതാ വര്‍ഷത്തില്‍ ആദ്യം തന്നെ ഒരു ഇന്ത്യക്കാരന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആര്‍ട്ട് ഹബ് മേധാവി അഹമ്മദ് അല്‍ യാഫെയ് പറഞ്ഞു. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ ആക്രിലിക്കിലുള്ള വ്യത്യസ്തമായ സൃഷ്ടികളടക്കം നിരവധി ചിത്രങ്ങളാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് ട്രേഡ് സെന്റര്‍ മാളില്‍ നടക്കുന്ന പ്രദര്‍ശനം ഒരാഴ്ച്ച നീണ്ടുനില്‍ക്കും.

റിപ്പോര്‍ട്ട്. അനില്‍ സി. ഇടിക്കുള