"കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത'
Saturday, October 13, 2018 7:17 PM IST
ദോഹ: കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണെന്ന് പ്രശസ്ത മൈന്‍ഡ് പവര്‍ ട്രെയിനറും കൗണ്‍സിലറുമായ ഡോ. ഷൈജു കാരയില്‍. ലോക മാനസിക ദിനാചരണത്തിന്‍റെ ഭാഗമായി മീഡിയ പ്‌ളസ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികള്‍ ആവശ്യപ്പെടുന്ന എന്തും നിരുപാധികം വാങ്ങി കൊടുക്കുന്ന രക്ഷിതാക്കളാണ് അവരുടെ മാനസികാരോഗ്യം നശിപ്പിക്കുന്നത്. പ്രായോഗിക ജീവിത സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തി അത്യാവശ്യമല്ലാത്ത ആവശ്യങ്ങള്‍ നിരാകരിക്കാന്‍ രക്ഷിതാക്കള്‍ തയാറാകുമ്പോള്‍ കുട്ടികള്‍ മാനസികമായി ശക്തരാവുകയാണ് ചെയ്യുക. ജീവിതത്തിലെ ഏത് സാഹചര്യവും അഭിമുഖീകരിക്കുവാന്‍ ഇത് അവരെ സജ്ജമാക്കും. ഈ രംഗത്ത് അധ്യാപകരും രക്ഷിതാക്കളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യാ പ്രവണതകളും ലഹരി ഉപഭോഗവുമൊക്കെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. കാരണമറിഞ്ഞുകൊണ്ടുള്ള ചികില്‍സ മാത്രമേ ഫലം ചെയ്യുകയുളളൂവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ജീവിത പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകുന്നതിന് ലക്ഷ്യബോധവും ക്രിയാത്മകമായ മനസ്ഥിതിയും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.

ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്‍റ് ഫോറം പ്രസിഡന്‍റ് ഡേവിസ് എടക്കുളത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ദോഹ ബ്യൂട്ടി സെന്‍റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീലാ ഫിലിപ്പോസ്, ഇന്ത്യന്‍ മീഡിയ ഫോറം ട്രഷറര്‍ മുഹമ്മദ് ഷഫീഖ് അറക്കല്‍ എന്നിവർ സംസാരിച്ചു. ആൻഡി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, ഡ്രീം ഫൈവ് മാനേജിംഗ് ഡയറക്ടര്‍ ആലു. കെ. മുഹമ്മദ്, സ്പീഡ് ലൈന്‍ പ്രിന്‍റിംഗ് പ്രസ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്, അല്‍ സുവൈദ് ഗ്രൂപ്പ് ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ ബഷീര്‍ ആലുങ്ങല്‍ എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.