സൗദിയിലെ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് ഐഎംഎഫിന്‍റ് നല്ല സർട്ടിഫിക്കറ്റ്
Friday, October 12, 2018 10:57 PM IST
ദമാം: സൗദിയിലെ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് ശുഭ പ്രതീക്ഷ നൽകി അന്താരാഷ്ട്ര നാണയ നിധി റിപ്പോർട്ട് നൽകി. ഈ വർഷവും അടുത്ത വർഷവും 2.4 ശതമാനം വരെ കൂടുതൽ വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്‍റെ റിപ്പോർട്ടിൽ പറയുന്നത്.

ഇന്തോനേഷ്യയിൽ ഇന്നാരംഭിച്ച ഐഎംഎഫ്, ലോക ബാങ്ക് സമ്മേളനങ്ങളുടെ മുന്നോടിയായാണ് അന്താരാഷ്ട്ര നാണയ നിധി ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് പുറത്തിറക്കിയത്.

ആഗോളതലത്തിൽ വളർച്ചാ നിരക്ക് താഴോട്ട് പോകുമെന്നും ഇത് മിക്ക രാജ്യങ്ങളുടെയും വളർച്ചയെ ബാധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ സൗദി അറേബ്യ ഈ വർഷം 2.2 ശതമാനവും അടുത്ത വർഷം 2.4 ശതമാനവും കൂടുതൽ വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷൻ 2030 നു അനുസൃതമായി സൗദിയിൽ നടപ്പിലാക്കിവരുന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുള്ള അൽ ജദാൻ പറഞ്ഞു. ഉദ്പാദനത്തിലുണ്ടായ വർധനവും ഇതര മേഘലകളിലെ വളർച്ചയുമാണ് ഇതിനു സഹായിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സൗദിയുടെ ആഭ്യന്തരോത്പാദനത്തിൽ നടപ്പു വർഷം ആദ്യ പാദത്തിൽ 1.4 ശതമാനത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം