ഷാർജയിൽ ഏകത നവരാത്രിമണ്ഡപം സംഗീതോത്സവം
Tuesday, October 9, 2018 9:56 PM IST
ഷാർജ: ഏഴാമത് ഏകതാ നവരാത്രിമണ്ഡപം സംഗീതോത്സവത്തിനു ഇന്ന് തിരി തെളിയും.
ഷാർജ റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറിനാണ് ഉദ്ഘാടനം. സംഗീത രംഗത്തെ പ്രമുഖർ, ഏകതയുടെ ഭാരവാഹികൾ എന്നിവർ അണിനിരക്കുന്ന ഈ ചടങ്ങിന് ശേഷം ജയകൃഷ്ണൻ ഉണ്ണിയുടെ സംഗീതാർച്ചനയും നടക്കും.

തുടർച്ചയായ ഒൻപതു ദിവസങ്ങളിൽ വൈകുന്നരം 6 മുതൽ രാത്രി 10 വരെയാണ് സംഗീതാർച്ചന. ഭാരതത്തിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള അഞ്ഞൂറോളം കലാകാരന്മാരാണ് സംഗീതാർച്ചനയിൽ പങ്കെടുക്കും.

തിരുവനന്തപുരം നവരാത്രി സംഗീതോത്സവത്തിന്‍റെ അതെ മാതൃകയിൽ തന്നെയാണ്
ഏകതാ നവരാത്രി മണ്ഡപ സംഗീതോത്സവം സംഘടിപ്പിക്കുന്നത്. മഹാരാജാവ്
സ്വാതിതിരുനാൾ ചിട്ടപ്പെടുത്തിയ നവരാത്രി കൃതി സമർപ്പണം സംഗീതോത്സവത്തിന്‍റെ മുഖ്യാകർഷണമാണ്. തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൂർ സി രഘുനാഥ്, കമുകറ
ശ്രീലേഖ, മനോജ് നെല്ലിക്കൽ, വിദ്യാലക്ഷ്മി അയ്യർ, ഹംസഗായത്രി
ശിവകുമാർ, കുരീപ്പുഴ നന്ദകുമാർ, മീര ഹരി എന്നിവർ നടത്തുന്ന സംഗീതാർച്ചന
നടക്കും. അവസാന ദിവസമായ ഒക്ടോബർ 18 നു ഏകതാ പ്രവാസി ഭാരതീയ
പുരസ്‌കാര ജേതാവായ ശങ്കരൻ നമ്പൂതിരിയുടെ സംഗീതാർച്ചനയോടു കൂടി
സംഗീതോത്സവത്തിനു വിരാമമാകും.

വിജയദശമി നാളിൽ നവരാത്രി മണ്ഡപം സംഗീതോത്സവത്തിനാൽ പരിപാവനമായ
വേദിയിൽ വിദ്യാരംഭചടങ്ങുകൾ നടക്കുന്നതാണ്. പദ്മശ്രീ ലക്ഷ്മികുട്ടിയമ്മ (വനമുത്തശി,
വിഷചികിത്സയിൽ അഗ്രഗണ്യ ), ഡോ. സതീഷ് കൃഷ്ണ (അൽ ഖാസ്മി ഹോസ്പിറ്റൽ
ന്യൂറോസർജറി വിഭാഗം മേധാവി ), നീര രവീന്ദ്രൻ (ഹെഡ്മിസ്ട്രസ് പ്രോഗ്രസീവ് സ്കൂൾ
), മുരളി മംഗലത്ത് (അൽ അമീർ) സ്കൂൾ മലയാള വിഭാഗം,എഴുത്തുകാരൻ ), രാജീവൻ
മാഷ് (ഷാർജ ഇന്ത്യൻ സ്കൂൾ ), പ്രഫ. അനന്തനാരായണബാബു എന്നിങ്ങനെ പ്രമുഖർ
നയിക്കുന്ന വിദ്യാരംഭം രാവിലെ 5. 30 മുതൽ 10. 30 വരെ നടക്കും.

സംഗീതത്തിൽ വിദ്യാരംഭം നടത്തേണ്ടവർക്ക്‌ ഏകതാ പ്രവാസി ഭാരതീയ പുരസ്‌കാരം ലഭിച്ച
ശങ്കരൻ നമ്പൂതിരി, പ്രശസ്ത വയലിനിസ്റ്റ് ഈശ്വര വർമ്മ, യുഎഇ ലെ
പ്രഗത്ഭരായ സംഗീത അധ്യാപകരും നയിക്കുന്ന വിദ്യാരംഭ ചടങ്ങുകളിൽ
പങ്കെടുക്കാവുന്നതാണ്.

റിപ്പോർട്ട്: പി.കെ. ബാബു