തോപ്പിൽ ഭാസി നാടകോത്സവം 2018
Monday, October 8, 2018 9:59 PM IST
കുവൈത്ത്: കേരള ആർട്‌സ് ആൻഡ് നാടക അക്കാദമി (കാനാ), കുവൈറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് "തോപ്പിൽ ഭാസി നാടകോത്സവം 2018' ഒക്ടോബര്‍ 19ന് (വെള്ളി) ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കും.

കുവൈത്തിലെ അഞ്ച് മലയാള അമേച്വർ നാടകസമിതികളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന നാടകോത്സവം വൈകുന്നേരം നാലിന് പ്രശസ്ത ചലച്ചിത്ര - നാടക പ്രവര്‍ത്തകന്‍ പ്രഫ. അലിയാര്‍ ഉദ്ഘാടനം ചെയ്യും.

മറീന മൂവിംഗ് ആർട്‌സ് അവതരിപ്പിക്കുന്ന 'വാഴക്കുല റീലോഡഡ്', തീയറ്റർ ഓഫ് ഇഡിയറ്റ്സ് ഒരുക്കുന്ന 'പേക്കാലം'', കാഴ്ച കുവൈറ്റിന്റ ' സ്വപ്ന വാതില്‍പടിയില്‍ സ്വര്‍ണ്ണ ചെരുപ്പടയാളം', യുവസാഹിത്യ കുവൈറ്റ് അവതരിപ്പിക്കുന്ന ' അവസാന വിധിക്കും അല്പം മുന്‍പ്', കലാസംഘം നാടകവേദി കുവൈത്ത് അരങ്ങിലെത്തിക്കുന്ന 'നാനാത്വത്തിൽ ഏകത്വം' എന്നീ അഞ്ച് നാടകങ്ങളാണ് നാടകോത്സവത്തിൽ അരങ്ങേറുക.

മികച്ച അവതരണം, മികച്ച രണ്ടാമത്തെ അവതരണം, മികച്ച സംവിധായകൻ, മികച്ച രചന, മികച്ച നടൻ, മികച്ച നടി, മികച്ച ബാലതാരം, പ്രത്യേക ജൂറി അവാർഡ് എന്നീ പുരസ്‌കാരങ്ങൾക്കു പുറമെ കാഷ്‌ അവാർഡുകളും ഉണ്ടായിരിക്കുമെന്ന് കാനാ കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

റാഫിൾ ഡ്രോയിലൂടെ പ്രേക്ഷകരിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കും.

റിപ്പോർട്ട്:സലിം കോട്ടയിൽ