നവകേരളം: സഹായഹസ്തവുമായി കുവൈത്തിലെ പ്രവാസി സംഘടനകളും ബിസിനസുകാരും
Monday, October 8, 2018 8:45 PM IST
അബാസിയ ( കുവൈത്ത് ) : ലോക കേരള സഭാ അംഗങ്ങളുടെ നേതൃത്വത്തില്‍ നോർക്ക‌-റൂട്ട്സ് ഡയറക്ടർ രവി പിള്ള വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നവ കേരള നിർമിതിക്കായി കുവൈത്തിലെ ബിസിനസ് സമൂഹവും പ്രവാസി സംഘടനകളും ഒന്നിക്കുന്നു.

അബാസിയയില്‍ നടന്ന സംഘടനകളുടെ ആദ്യ യോഗത്തില്‍ കുവൈത്തിലെ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. കുവൈത്തില്‍ നിന്നും 30 കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. തോമസ് ചാണ്ടി എ‌എൽ‌എ ഉദ്ഘാടനം ചെയ്‌ത സംഘടനാ യോഗത്തില്‍ പ്രവാസി ക്ഷേമ നിധി ബോർഡ് അംഗം എൻ.അജിത് കുമാർ അധ്യക്ഷത വഹിച്ചു. നോർക്ക‌-റൂട്ട്സ് ഡയറക്ടർ രവി പിള്ള, കെ.ജി.ഏബ്രഹാം, വർഗീസ് പുതുക്കുളങ്ങര, സാം പൈനും‌മൂട്, ശ്രീംലാൽ,ഡോ.അമീർ അഹമ്മദ്, തോമസ് മാത്യു കടവിൽ, ബാബു ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

തുടര്‍ന്നു മെസീല ജുമൈറ ബീച്ച് ഹോട്ടലില്‍ നോര്‍ക്ക ഡയറക്ടര്‍ ഡോക്ടര്‍ രവി പിള്ളയുടെ നേതൃത്വത്തില്‍ നടന്ന ബിസിനസ് മീറ്റില്‍ കുവൈത്തിലെ മലയാളി വ്യവസായികളും സ്വദേശികളായ വ്യവസായ പ്രമുഖരും പങ്കെടുത്തു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ നിന്നും 5.5 കോടിയിലേറെ സഹായ ധനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വിവിധ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധതയും പല കമ്പിനികളും അറിയിച്ചു. മുപ്പത് കോടി രൂപയാണ് കുവൈത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് യോഗം വിളിച്ചു ചേര്‍ത്തതെന്നും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച നോര്‍ക്ക ഡയറക്ടര്‍ ഡോക്ടര്‍ രവി പിള്ള പറഞ്ഞു. ഇതുവരെയായി 11 കോടി രൂപ സഹായധനം കുവൈത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 20ന് കുവൈത്ത് സന്ദര്‍ശിക്കുന്ന വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍റെ സന്ദര്‍ശന വേളയില്‍ കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാം പൈനുംമൂട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ദിലീപ്കുമാര്‍ സ്വാഗതവും ലോക കേരള സഭാംഗം തോമസ് മാത്യു കടവില്‍ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ