റോഡ്‌ വികസനം അവസാന ഘട്ടത്തില്‍
Monday, October 8, 2018 8:39 PM IST
കുവൈത്ത് സിറ്റി : റോഡു വികസനവുമായി ബന്ധപ്പെട്ട് പ്രധാന പാതകളുടെ പണി കാലാവധിക്ക് മുന്പേ തന്നെ പൂര്‍ത്തിയാക്കിയതായി പൊതു മരാമത്ത് വകുപ്പ് അറിയിച്ചു. ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബ പാലം, ഈസ്റ്റ്‌ ജഹറ, ഫസ്റ്റ് റിംഗ് റോഡ്‌ (രണ്ടാം ഘട്ടം ), ഫിഫ്ത് റിംഗ് റോഡ്‌ (പടിഞ്ഞാറേ ഭാഗം), അല്‍ ഗൌസ് റോഡ്‌ (ഒന്നാം ഘട്ടം ), സെവന്‍ത് റിംഗ് റോഡ്‌ , അല്‍ വഫ്ര റോഡ്‌ , അല്‍ സൂര്‍ റോഡ്‌ , അല്‍ നുവൈസിബ്‌ റോഡ്‌ , അല്‍ സാല്‍മി തുടങ്ങിയ പദ്ധതികളാണ് പൂര്‍ത്തിയായതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌ & ട്രാന്‍സ്പ്പോര്‍ട്ടേഷന്‍ ഡയറക്ടര്‍ എൻജിനിയര്‍ അഹമദ് അല്‍ ഹസന്‍ പറഞ്ഞു.

രാജ്യത്തെ റോഡുകളില്‍ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുന്ന വിവധ പദ്ധതികള്‍ നടന്നു വരികയാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലെ പ്രധാന ഭാഗമായാണ് റോഡ്‌ വികസനത്തിന്‌ തുടക്കമിട്ടതെന്നും പുതിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ ട്രാഫിക് കുരുക്കിന് ഒരു പരിധിവരെ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് വിഷന്‍ 2035 ന്‍റെ ഭാഗമായി 1.65 ബില്ല്യൺ ചെലവ് പ്രതീക്ഷിക്കുന്ന ചെറുതും വലുതുമായ 74 അടിസ്ഥാന വികസന പദ്ധതികളാണ് പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌ & ട്രാന്‍സ്പോര്‍ട്ടേഷന് കീഴില്‍ നടന്നുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്തരിച്ച മുന്‍ അമീര്‍ ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ സ്മരണാര്‍ഥം നിര്‍മാണം പുരോഗമിക്കുന്ന മേഖലയിലെ തന്നെ ഏറ്റവു നീളമേറിയ കടല്‍പ്പാലവും ഹൈവേയും അടങ്ങുന്ന ഷെയ്ഖ് ജാബിര്‍ പ്രോജക്റ്റ് അടുത്ത മാസം ഗതാഗതത്തിന് സജ്ജമാകുമെന്നാണ് കരുതുപ്പെടുന്നത്. ശുവൈഖ് തുറമുഖം , ഫ്രീ ട്രൈഡ് സോന്‍, ദോഹ തുറമുഖം സിറ്റി ജഹറ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ഷെയ്ഖ് ജാബര്‍ അല്‍ അഹമദ് പാലം വരുന്നതോടു കൂടി കുവൈറ്റ് സിറ്റിയിലെ ഗതാഗതകുരുക്ക് വലിയൊരളവുവരെ കുറയുമെന്നാണ് വിലയിരുത്തപെടുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ