വിരമിച്ച ശേഷവും പ്രവാസികൾക്ക് രാജ്യത്ത് തുടരാം: യുഎഇ ഭരണകൂടം
Monday, September 17, 2018 11:57 PM IST
ദുബായ്: ജോലിയിൽനിന്ന് വിരമിച്ച ശേഷവും രാജ്യത്ത് തുടരാൻ പ്രവാസികളെ അനുവദിക്കുന്ന നിയമത്തിന് അനുമതി നൽകി യുഎഇ ഭരണകൂടം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 55 വയസിനു ശേഷം വിരമിക്കുന്ന പ്രവാസികൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് രാജ്യത്ത് തങ്ങാൻ പ്രത്യേക വീസ അനുവദിക്കാനാണ് തീരുമാനമായത്.

പ്രത്യേക വീസ ലഭിക്കുന്നതിന് മൂന്നു നിർദേശങ്ങളും വച്ചിട്ടുണ്ട്. 20 ലക്ഷം ദിര്‍ഹത്തിന് തുല്യമായ നിക്ഷേപമുണ്ടായിരിക്കണം. അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യം ഉണ്ടായിരിക്കണം. അതുമല്ലെങ്കില്‍ പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനമുണ്ടാകണം.