മാ​ൻ​കൊ​ന്പും ക​ഞ്ചാ​വു​മാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സുകളിലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Friday, October 20, 2017 1:10 PM IST
കൊ​ച്ചി: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളിൽ പ്ര​തി​ക​ളായ രണ്ടു പേരെ സി​റ്റി ഷാ​ഡോ പോ​ലീ​സും ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി. എ​റ​ണാ​കു​ളം ക​ലൂ​ർ സ്വ​ദേ​ശി അ​ൻ​സാ​ർ (42), കാ​ക്ക​നാ​ട് സ്വ​ദേ​ശി നാ​സ​ർ (37) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ഷെ​ഡ്യൂ​ൾ​ഡ് വ​ണ്‍ ഇ​ന​ത്തി​ൽ​പ്പെ​ട്ട മാ​ൻ​കൊ​ന്പും വി​ല്പ​ന​യ്ക്കാ​യി പാ​യ്ക്ക​റ്റു​ക​ളി​ൽ നിറച്ച അ​ര​ക്കി​ലോ​യി​ല​ധി​കം ക​ഞ്ചാവും പ്രതികളുടെ കാ​ക്ക​നാടുള്ള താ​മ​സ​സ്ഥ​ല​ത്തു നി​ന്ന് കണ്ടെടുത്തു.

ഇ​ടു​ക്കി​യി​ലെ നാ​യാ​ട്ടു​സം​ഘ​ത്തി​ന്‍റെ കൈയിൽ നി​ന്ന് പ്രതികൾക്ക് ല​ഭി​ച്ച മാ​ൻകൊ​ന്പ് വി​ല്പനയ്ക്ക് ഇ​ട​നി​ല​ക്കാ​രാ​യി എ​ത്തി​യ ഷാ​ഡോ സം​ഘ​ത്തി​നു കൈ​മാ​റു​ന്പോ​ഴാ​ണ് പ്ര​തി​ക​ൾ പി​ടി​കൂടിയ​ത്. ​നാ​യാ​ട്ട് സം​ഘ​ത്തി​നാ​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ൻ ക​റു​പ്പ് സ്വാ​മി പ​റ​ഞ്ഞു. നി​ര​വ​ധി മ​യ​ക്കുമ​രു​ന്ന് കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ ഇ​വ​ർ വ​ൻ ലാ​ഭം മു​ന്നി​ൽക്ക​ണ്ടാ​ണ് വ​ന്യജീ​വി വ​സ്തു ക​ള്ള​ക്ക​ട​ത്തി​ലേ​ക്ക് തി​രി​ഞ്ഞതെന്നു പ്രതികൾ പോലീസിനോടു പറഞ്ഞു. ​പ്ര​ത്യേ​ക​ത​രം പെ​ട്ടി​യി​ലാ​ക്കി​യാ​ണ് ഇ​വ​ർ മാ​ൻ​കൊ​ന്പ് കൈ​മാ​റ്റം ചെ​യ്യാ​നാ​യി എ​ത്തി​ച്ച​ത്. പ്രതി അ​ൻ​സാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ സെ​ല്ലു​ക​ളി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ കു​പ്ര​സി​ദ്ധ​നാ​ണ്.

കാ​ക്ക​നാ​ടും പ​രി​സ​ര​ത്തു​മു​ള്ള ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു ഇ​വ​ർ ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് എ​സി​പി ബി​ജി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് സി​ഐ രാ​ധാ​മ​ണി, ഷാ​ഡോ എ​സ്ഐ ഹ​ണി കെ.​ ദാ​സ് സി​പി​ഒ​മാ​രാ​യ ഹ​രി​മോ​ൻ, അ​ഫ്സ​ൽ, സാ​നു മോ​ൻ, വി​ശാ​ൽ, സ​ന്ദീ​പ്, ഷാ​ജി​മോ​ൻ, രാ​ഹു​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടികൂ​ടി​യ​ത്.