ചെർപ്പുളശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ചൂടേറൂന്പോൾ അടയ്ക്കാപുത്തൂർ സംസ്കൃതിയുടെ പരിസ്ഥിതി പ്രചാരണപ്രവർത്തനം ശ്രദ്ധേയമാകുന്നു. നാമനിർദേശപത്രിക നല്കാതെ തന്നെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് വോട്ട് അഭ്യർത്ഥിക്കുകയാണ് സംസ്കൃതിയുടെ മുഖ്യപ്രവർത്തകൻ രാജേഷ് അടയ്ക്കാപുത്തൂർ.
വൃക്ഷതൈ ചിഹ്നത്തിൽ വോട്ട് അഭ്യർത്ഥിക്കുന്നത് ഏറെ കൗതുകമായിരിക്കുകയാണ്. സ്ഥാനാർത്ഥികൾ വിവിധ വാഗ്ദാനങ്ങൾ വോട്ടർമാർക്കു മുന്നിൽ അവതരിപ്പിക്കുന്പോൾ നിലനില്പിന്റെ കാതലായ പ്രകൃതിസംരക്ഷണത്തിനാണ് സംസ്കൃതി ഉൗന്നൽ നല്കുന്നത്. പരിസ്ഥിതിരംഗത്ത് വൈവിധ്യമാർന്ന ഒട്ടേറെ പ്രായോഗിക പ്രവർത്തനങ്ങൾ വർഷങ്ങളായി സംസ്കൃതി നടപ്പിലാക്കുന്നു. മണ്ണ്, മരം, ജലം എന്നിവയുടെ സംരക്ഷണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രദ്ധതികൾ, ചങ്ങാതിക്കൂട്ടം പോലുള്ള ഏകദിന ശില്പശാലകൾ ബോധവത്കരണ സെമിനാറുകൾ, ഒൗഷധവൃക്ഷതോട്ടം, നക്ഷത്രവനം, ശലഭോദ്യാനം, ജൈവവൈവിധ്യ പരിപാലനം, ഓർമമരം, പിറന്നാൾ മരം, ഹരിതഗ്രാമം, പൂജാപുഷ്പോദ്യാനം തുടങ്ങിയ പദ്ധതികൾക്ക് പുറമേ വെല്ലുവിളികളായി ഏറ്റെടുത്ത പ്ലാസ്റ്റിക് ബോട്ടിൽ ചാലഞ്ച്, മൈ ട്രീ ചാലഞ്ച് എന്നിവ കാലാകാലങ്ങളിൽ ഒൗദ്യോഗിക സംവിധാന സഹകരണത്തോടെ നടപ്പിലാക്കുന്നു.
മത്സരരംഗത്ത് ജയിക്കുന്നവർക്കും തോല്ക്കുന്നവർക്കുമെല്ലാം ഈ രംഗത്ത് ഏറെ ചെയ്യാനാകുമെന്നും ഭരണത്തിന്റെ അടിസ്ഥാനതലത്തിലുള്ള ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് ഉത്തരവാദിത്വത്തോടെ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാവുമെന്നും സംസ്കൃതി പ്രവർത്തകരായ യു.സി.വാസുദേവൻ, കെ.ജയദേവൻ, എം.പി.പ്രകാശ് ബാബു, കെ.രാജൻ, എം.പരമേശ്വരൻ എന്നിവർ അഭിപ്രായപ്പെട്ടു.
വർഷങ്ങളായി സംസ്കൃതി പാർലമെന്റ് തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലുമൊക്കെ വ്യത്യസ്തങ്ങളായ ആശയവുമായി പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്താറുള്ള സംസ്കൃതി ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെകൊണ്ട് വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്ന മെംബർക്കൊരു മരം എന്ന കാന്പയിനും തുടക്കംകുറിക്കുകയാണ്. വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽനിന്ന് തുടക്കംകുറിക്കുന്ന കാന്പയിൻ മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാൻ തയാറാണെന്നും സംസ്കൃതി പ്രവർത്തകർ പറഞ്ഞു.