നിപ്പ: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
1577391
Sunday, July 20, 2025 7:26 AM IST
പാലക്കാട്: ജില്ലയിൽ നിപ്പ വൈറസ് രോഗപ്രതിരോധപ്രവർത്തനങ്ങൾ ഊർജിതം. നിലവിൽ നിപ്പ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടാണ്. അതിൽ തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നു.
നിലവിൽ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ 13 പേർ ഐസൊലേഷനിൽ കഴിയുന്നുണ്ട്. ജില്ലയിലാകെ 435 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ന് 93 വീടുകളിൽ സന്ദർശനം നടത്തി പനിസർവ്വേ പൂർത്തീകരിച്ചു.
ജില്ലാ മാനസികാരോഗ്യ വിഭാഗം ഇന്നലെ 45 പേർക്ക് ടെലഫോണിലൂടെ കൗൺസലിംഗ് സേവനം നൽകിയിട്ടുണ്ട്. കൺട്രോൾ സെല്ലിലേക്ക് ഇന്നലെ നിപ്പരോഗ വ്യാപനവുമായി ബന്ധപ്പെട്ട് 33 കോളുകളെത്തി.
നിപ്പ രോഗബാധ പ്രദേശത്ത് ഇന്നലെ മൃഗങ്ങൾക്കിടയിൽ അസ്വാഭാവിക മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കുമരംപുത്തൂർ ഭാഗത്തുനിന്ന് 10 നായ്ക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ചതിനുശേഷം ആകെ 2081 കുടുംബങ്ങൾക്ക് റേഷൻ വിതരണം നേരിട്ടു നൽകിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കുമരംപുത്തൂർ, കാരക്കുറുശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലേയും മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലേയും കണ്ടൈൻമെന്റ് സോണിലെ വാർഡുകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം.
അനാവശ്യമായി കൂട്ടംകൂടി നിൽക്കരുത്. ഈ വാർഡുകളിലേക്കുള്ള അനാവശ്യമായ പ്രവേശനവും പുറത്തു കടക്കലും ഒഴിവാക്കാൻ ഡ്രോൺ ഉപയോഗിച്ചുകൊണ്ട് കർശനമായി നിരീക്ഷിക്കുകയും പരിശോധന തുടരുകയും ചെയ്യുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
കണ്ടെയ്ൻമെന്റ് സോണിൽ ജനജീവിതം പ്രതിസന്ധിയിൽ
മണ്ണാർക്കാട്: നിപ്പ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മണ്ണാർക്കാട്ടെ വിവിധ പ്രദേശങ്ങൾ നിയന്ത്രണ മേഖലകളായതോടെ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിൽ.
കൂലിപണിക്കാർ ഉൾപ്പെടെ ദിവസ വരുമാനത്തെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ആവശ്യമായ ഭക്ഷണം, വിദ്യാർഥികളുടെ പഠനം, രോഗികളുടെ ചികിത്സ, മരുന്ന്, വ്യാപാരികളുടെ ഉപജീവനം, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത, അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണ് ചൂണ്ടികാണിക്കുന്നത്.
പ്രശ്നങ്ങളുടെ സങ്കീർണത കുറക്കാൻ സർക്കാർ സംവിധാനങ്ങൾ അടിയന്തര സഹായങ്ങൾ എത്തിക്കണമെന്ന് സോണിൽ കഴിയുന്നവർ ആവശ്യപ്പെട്ടു.