ടോൾ നിർത്തിവയ്ക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകി വോയ്സ് ഓഫ് വടക്കഞ്ചേരി
1577389
Sunday, July 20, 2025 7:25 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിൽ തുടരുന്ന രൂക്ഷമായ ഗതാഗതകുരുക്കും റോഡിന്റെ ശോച്യാവസ്ഥയും മൂലം പന്നിയങ്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവയ്പിക്കണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരിയിലെ വോയ്സ് ഓഫ് വടക്കഞ്ചേരി കൂട്ടായ്മ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. അഡ്വ.പി.ആർ. വെങ്കിടേഷ് മുഖേന സംഘടനയുടെ പ്രസിഡന്റ് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ദേശീയപാതയിൽ നടക്കുന്ന മേൽപ്പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങളാണ് നിലവിലെ ഗതാഗതകുരുക്കിനു കാരണം. ഇത് വാഹനങ്ങൾക്ക് കേടുപാടുകളും യാത്രക്കാർക്ക് ദുരിതങ്ങളും ഉണ്ടാക്കുന്നു.
അടിസ്ഥാന സൗകര്യങ്ങളായ മേൽപ്പാലങ്ങൾ, സർവീസ് റോഡുകൾ, ബസ് ബേകൾ, അഴുക്കുചാലുകൾ, വഴിവിളക്കുകൾ എന്നിവ പൂർത്തിയാക്കാതെയാണ് 2022 മാർച്ചിൽ ടോൾ പിരിവ് ആരംഭിച്ചത്. റോഡ് നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങിയതിൽ നേരത്തെയും വ്യാപക പ്രതിഷേധമുയർന്നിരുന്നു. പദ്ധതിയുടെ ആസൂത്രണത്തിലെ പാളിച്ചകളും കെടുകാര്യസ്ഥതയും അഴിമതിയുമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
തുടർച്ചയായി തകരാറിലാകുന്ന വടക്കഞ്ചേരി മേൽപ്പാലം ഇതിനുദാഹരണമാണ്. റോഡിലെ കുഴികളും ഗതാഗതകുരുക്കും താണ്ടിയെത്തുന്ന യാത്രക്കാർ ടോൾ പ്ലാസ ജീവനക്കാരുമായി വാക്കുതർക്കവും സംഘർഷങ്ങളും പതിവാണ്. സുരക്ഷിതവും സുഖകരവുമായ യാത്രയ്ക്കാണ് ടോൾ ഈടാക്കുന്നതെങ്കിലും നിലവിലെ അവസ്ഥയിൽ ടോൾ ഈടാക്കുന്നത് അന്യായവും ജനദ്രോഹവുമാണെന്ന് സംഘടന പറയുന്നു.
റോഡുപണി പൂർത്തിയാകുന്നതു വരെ പന്നിയങ്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. പത്രസമ്മേളനത്തിൽ സംഘടന പ്രസിഡന്റും വടക്കഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി. ഗംഗാധരൻ, കെ.പി. സണ്ണി, കിഴക്കഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ബാലൻ, സുരേഷ് വേലായുധൻ എന്നിവർ പങ്കെടുത്തു.