സമ്പ്രദായത്തിൽ മാറ്റം വരുത്താതെ ബസ് വ്യവസായം നിലനിൽക്കില്ലെന്നു ബസുടമ സംയുക്ത സമിതി
1577386
Sunday, July 20, 2025 7:25 AM IST
വടക്കഞ്ചേരി:കഴിഞ്ഞ 14 വർഷമായി നിലനിൽക്കുന്ന വിദ്യാർഥി കൺസഷൻ സമ്പ്രദായത്തിൽ മാറ്റം വരുത്താതെ ബസ് വ്യവസായത്തിനു നിലനിൽക്കാനാകില്ലെന്ന് ബസ് ഉടമസംയുക്ത സമിതി പാലക്കാട് ജില്ലാ കമ്മിറ്റി.
രണ്ടര കിലോമീറ്റർ യാത്ര ചെയ്യാൻ വിദ്യാർഥികൾക്ക് ഒരു രൂപയാണ് ചാർജ്. പതിനഞ്ച് കിലോമീറ്റർ യാത്ര ചെയ്യാൻ രണ്ടുരൂപയും മുപ്പതുകിലോമീറ്റർ യാത്രക്ക് മൂന്നുരൂപയുമാണ് ഇപ്പോഴുമുള്ളത്. ഭിക്ഷാടനത്തിന് വരുന്നവർപോലും ഇപ്പോൾ ഒരുരൂപ വാങ്ങാത്ത കാലത്താണ് പതിറ്റാണ്ടുകൾക്കു മുമ്പുള്ള വിദ്യാർഥികളുടെ ചാർജ് നിരക്ക് തുടരുന്നത്.
വിദ്യാർഥികളുടെ കൺസഷൻ സമ്പ്രദായത്തിൽ മാറ്റം വരുത്തണമെങ്കിൽ അക്കാര്യം വിദ്യാർഥികളോട് ചോദിക്കണമെന്ന ഗതാഗത വകുപ്പു മന്ത്രിയുടെ ന്യായീകരണവും ഏറെ വിചിത്രമെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
വർഷങ്ങളായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ കെഎസ്ആർടിസിയെ ഏൽപ്പിക്കുന്നതിനു വേണ്ടി ഏറ്റെടുക്കുന്ന നടപടി എന്തിനു വേണ്ടിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.
സ്വകാര്യ ബസ് വ്യവസായം ഇല്ലാതായാൽ അത് യാത്രാക്ലേശം രൂക്ഷമാക്കുന്നതിനൊപ്പം രക്ഷിതാക്കൾക്ക് മക്കളുടെ വിദ്യാഭ്യാസ യാത്രാ ചെലവ് പതിന്മടങ്ങ് ഇരട്ടിയാകുന്ന സാഹചര്യമുണ്ടാകുമെന്നും യോഗം വിലയിരുത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനതലത്തിൽ നടത്തുന്ന അനിശ്ചിതകാല സമരപരിപാടികൾ ജില്ലയിൽ വിജയിപ്പിക്കുന്നതിനും ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സംയുക്ത സമിതി ജനറൽ കൺവീനർ ടി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ്, ജില്ലാ ഭാരവാഹികളായ കെ. സത്യൻ, എൻ. വിദ്യാധരൻ, എ.എസ്. ബേബി, കെ. സുധാകരൻ, കെ.ഐ ബഷീർ പ്രസംഗിച്ചു.