പൂളക്കുണ്ടിൽ ആരോഗ്യ ഉപകേന്ദ്രം നിർമിക്കാൻ പദ്ധതി
1577384
Sunday, July 20, 2025 7:25 AM IST
ഒറ്റപ്പാലം: നഗരസഭാപരിധിയിൽ പൂളക്കുണ്ടിലും ആരോഗ്യ ഉപകേന്ദ്രം നിർമിക്കാൻ തീരുമാനം. മറ്റു നാല് ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് പുറമെയാണിത്. പൂളക്കുണ്ടിൽ പഴയ അറവുശാല പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഇതിനായി സ്ഥലമൊരുക്കി.
കഴിഞ്ഞദിവസം കെ. പ്രേംകുമാർ എംഎൽഎ കെട്ടിടനിർമാണോദ്ഘാടനം നിർവഹിച്ചു. 2024- 25 വർഷത്തെ എംഎൽഎ ഫണ്ടിൽനിന്ന് 20 ലക്ഷംരൂപ ചെലവഴിച്ചാണ് കെട്ടിടനിർമാണം. പദ്ധതിയുടെ കേന്ദ്രം, ആരോഗ്യ ഉപകേന്ദ്രം, ഹോമിയോ ഉപകേന്ദ്രം എന്നിവയിൽ ഏതെങ്കിലും ഒരുകേന്ദ്രമായി കെട്ടിടത്തെ പ്രയോജനപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്യുകയാണെന്ന് നഗരസഭാധികൃതർ പറഞ്ഞു.
വയോജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ വയോമിത്രം കേന്ദ്രത്തിന്റെ ഓഫീസ് നിലവിൽ നഗരസഭാകാര്യാലയത്തിന്റെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
ഇവർക്കാവശ്യമായ ക്യാമ്പുകൾ മറ്റേതെങ്കിലും കേന്ദ്രങ്ങളിൽവച്ചാണ് നടത്തുന്നത്. വയോമിത്രം കേന്ദ്രമാക്കി പുതിയകെട്ടിടത്തെ മാറ്റുകയാണെങ്കിൽ ഓഫീസടക്കം ഇവിടേക്കുമാറ്റാനാകും. മീറ്റ്നയിലാണ് സർക്കാർ ഹോമിയോ ഡിസ്പെൻസറി പ്രവർത്തിക്കുന്നത്.
ഇതിന്റെ ഉപകേന്ദ്രം തുടങ്ങുന്നതിന് നഗരസഭയ്ക്കു അനുമതി ലഭിച്ചിട്ടുമുണ്ട്. മീറ്റ്ന, കിഴക്കേക്കാട്, പനമണ്ണ, വരോട് ആരോഗ്യ ഉപകേന്ദ്രങ്ങൾക്കു പുറമേ അഞ്ചാമത് ഉപകേന്ദ്രമായി മാറ്റാനാകുമോ എന്ന കാര്യമാണ് പരിഗണനയിലുള്ളത്.