നക്കപ്പതിപ്പിരിവ് പ്രദേശങ്ങളിൽ നാശംവിതച്ച് കാട്ടാനക്കൂട്ടം
1577383
Sunday, July 20, 2025 7:25 AM IST
അഗളി: മണ്ണാർക്കാട്- ആനക്കട്ടി പ്രധാന റോഡിൽ നക്കപ്പതിപ്പിരിവ് പ്രദേശങ്ങളിൽ ആറുദിവസമായി കാട്ടാനകളുടെ വിളയാട്ടം. ഒരു കുട്ടിയാനയടക്കം അഞ്ച് ആനകളാണ് റോഡിലും വീട്ടുമുറ്റങ്ങളിലും കൃഷിയിടങ്ങളിലും കറങ്ങി നടക്കുന്നത്.
പ്രദേശത്ത് നിരവധി പേരുടെ കൃഷികൾ കാട്ടാന ഇതിനകം നശിപ്പിച്ചു. നക്കപ്പതി താഴെ ഉന്നതി, മേലെ ഉന്നതി നിവാസികളും പ്രദേശത്തെ നൂറുകണക്കിനു നിവാസികളും ദിവസങ്ങളായി ആനപ്പേടിയിൽ ഉറക്കം വെടിഞ്ഞിരിക്കുകയാണ്.
തിരക്കേറിയ റോഡിന് ഇരുവശവും കാട്ടാനുകൾ ഭയരഹിതമായി വിലസുന്നു. ഗൂളിക്കടവ് ജംഗ്ഷനിൽനിന്നും ഒരുകിലോമീറ്ററിനുള്ളിലാണ് ആനകൾ കറങ്ങി നടക്കുന്നത്.
നക്കപ്പതിയിൽ വനഭൂമിയോടു ചേർന്നാണ് ജനവാസ കേന്ദ്രമുള്ളത്. ആർആർടി സംഘം ആനയെ ഓടിച്ചാൽതന്നെ തൊട്ടടുത്ത കാട്ടിൽ മറഞ്ഞശേഷം വീണ്ടും കൃഷിയിടങ്ങളിലേക്ക് എത്തുകയായി.
നാലുവശവും ജനവാസകേന്ദ്രമുള്ള ഒരുചെറിയ കുട്ടിവനമാണ് ഇവിടെയുള്ളത്.
വനത്തിനുള്ളിലേക്ക് കടക്കുന്ന വന്യമൃഗങ്ങളെ തുരത്താൻ വനപാലകർക്കു നിയമമില്ല. അട്ടപ്പാടിയിൽ ജനവാസകേന്ദ്രത്തിൽ വളരെ ചെറുതും വലുതുമായ നിരവധി കുട്ടിവനങ്ങണ്ട് . ഇവയൊക്കെതന്നെ ആദിവാസികൾ കൃഷിചെയ്തിരുന്ന ഭൂമിയായിരുന്നു.
പിന്നീടത് ഫോറസ്റ്റുകാർ വനഭൂമിയാക്കി മാറ്റുകയായിരുന്നുവെന്നു പഴമക്കാർ ചൂണ്ടിക്കാട്ടുന്നു. ജനവാസകേന്ദ്രത്തിനുള്ളിൽ കിടക്കുന്ന ഇത്തരം ചെറിയ ചെറിയ കുട്ടിവനങ്ങളാണ് കർഷകർക്ക് ഭീഷണിയായിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങൾക്ക് നടുക്കുള്ള ചെറുവനങ്ങൾക്ക് ചുറ്റും ശക്തമായ ഫെൻസിംഗ് തീർത്ത് കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങൾ കൃഷിയിടത്തിലേക്കു കടക്കാത്തവിധം വനംവകുപ്പ് സുരക്ഷ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
മുത്തികുളം ഫോറസ്റ്റ്, സൈലന്റ് വാലി ഫോറസ്റ്റ്, നീലഗിരി മലനിരകൾ തുടങ്ങിയവയൊക്കെയാണ് അട്ടപ്പാടിയിലെ വനമേഖലകളെന്നും ജനവാസ കേന്ദ്രത്തിൽ പത്തും ഇരുപതും ഹെക്ടർ വരുന്ന ചെറുവനങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നു പഠനം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.