സ്കൂളുകളിൽ 26 ലൈബ്രേറിയൻമാരെ നിയമിച്ച് ജില്ലാ പഞ്ചായത്ത്
1577380
Sunday, July 20, 2025 7:25 AM IST
പാലക്കാട്: ജില്ലയിലെ വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനും സ്കൂൾ ലൈബ്രറികൾ ശക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് 26 സർക്കാർ സ്കൂളുകളിലേക്ക് ലൈബ്രേറിയൻമാരെ നിയമിച്ചു.
2025- 26 സാന്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് നിയമനം. 2023- 24 സാന്പത്തിക വർഷം മുതൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയിലൂടെ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ലൈബ്രേറിയൻമാരെ നിയമിക്കുകയാണ് ലക്ഷ്യം.
ഇതിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി നിയമന ഉത്തരവുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എ. ഷാബിറ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എം. പത്മിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ജൂനിയർ സൂപ്രണ്ട് അരുണ്‍ വാസുദേവ്, സീനിയർ ക്ലാർക്ക് കെ.കെ. പ്രഫുല്ല എന്നിവർ പ്രസംഗിച്ചു.