മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; പറന്പിക്കുളം മേഖലയിലെ പട്ടികവർഗ കുടുംബങ്ങളുടെ പരാതികൾ പരിഹരിക്കും
1577375
Sunday, July 20, 2025 7:25 AM IST
പാലക്കാട്: മുതലമട പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പറന്പിക്കുളം മേഖലയിൽ താമസിക്കുന്ന 10 പട്ടികവർഗ ഉന്നതികളിലെ 598 പട്ടികവർഗ കുടുംബങ്ങളുടെ വിവിധ ആവശ്യങ്ങൾ പരിഹരിക്കാൻ നടപടിയായി.
വീട് നിർമിക്കുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പറന്പിക്കുളം കാടാസ് ഉന്നതി നിവാസികൾ സമർപ്പിച്ച പരാതിയിൽ നടപടിയെടുക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളുടെ റിപ്പോർട്ട് സമർപ്പിച്ചത്. ഉന്നതി നിവാസികൾക്ക് രണ്ടു നിലകളിലുള്ള വീട് നിർമിക്കുന്നത് അപ്രായോഗികമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
നിലവിലെ വീട് പൊളിച്ചാൽ മാത്രമേ പുതിയ നിർമാണം തുടങ്ങാൻ കഴിയുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്ത് കുടുംബങ്ങൾക്ക് താമസിക്കാൻ ബദൽസംവിധാനം ഏർപ്പെടുത്തേണ്ടായി വരും.
ഒരു ഹെക്ടറിൽ കുറവുള്ള സ്ഥലത്ത് 50 ഓളം കുടുംബങ്ങളാണ് തിങ്ങി പാർക്കുന്നത്. ഇവിടെ സ്ഥലപരിമിതിയുള്ളതിനാൽ ഫ്ളാറ്റ് മാതൃകയിൽ വീട് നിർമിക്കേണ്ടി വരും. നിലവിൽ വനംവകുപ്പിൽ ആദിവാസി ക്ഷേമഭവന പദ്ധതികൾ ഇല്ലാത്തതിനാൽ പട്ടികവർഗക്ഷേമ വകുപ്പുമായി കൂടിയാലോചിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഉന്നതി നിവാസികൾക്ക് പുതുതായി ശുചിമുറി നിർമിക്കാൻ നിലവിൽ കോളനികളിൽ പര്യാപ്തമായ സ്ഥലമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കോളനിയിൽ വൈദ്യുതി സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് തമിഴ്നാടാണ്. സർവീസ് വയറും തെരുവുവിളക്കും മാറുന്ന കാര്യം അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കും. കാടാസ് ഉന്നതി സംരക്ഷിത വന മേഖലയിലല്ലാത്തതിനാൽ നിർമാണ പ്രവൃത്തികൾക്കും വികസന പദ്ധതികൾക്കും പരിസ്ഥിതി നിയമവും നിയന്ത്രണവും പരിഗണിക്കേണ്ടി വരും.
പറന്പിക്കുളം കടുവാ സങ്കേതമായതിനാൽ പുതുതായി റോഡ് നിർമിക്കാൻ കഴിയില്ല. നിലവിലുള്ള റോഡിന്റെ അറ്റകുറ്റപണികൾ നടത്തും. വൈദ്യുതി തടസമുണ്ടാകുന്പോൾ കുടിവെള്ളവിതരണം തടസപ്പെടാറുണ്ട്.
ആലത്തൂർ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും ഇതിന് പരിഹാരമാകുന്ന പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. എംപി ഫണ്ടിൽ നിന്നും റേഷൻ ഷോപ്പ് കം കരിയർ ഗൈഡൻസ് കെട്ടിടത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഇതു ലഭിച്ചാൽ പ്രവൃത്തി ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പട്ടികവർഗവികസന വകുപ്പിന്റെ ലാന്റ് ബാങ്ക് പദ്ധതി പ്രകാരം ഭൂരഹിത പട്ടികവർഗക്കാർക്ക് ഭൂമി വിലയ്ക്ക് വാങ്ങി നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
കടവ് കോളനിയിൽ കൈവശാവകാശ രേഖക്ക് അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട നിയമങ്ങൾ പരിശോധിച്ച് നടപടിയെടുക്കും. കാടാസ് ഉന്നതിയിൽ അപകടഭീഷണിയുള്ള മരങ്ങളുണ്ടെങ്കിൽ കോളനിനിവാസികളുടെ ചെലവിൽ മുറിച്ചുമാറ്റാൻ അനുമതി നൽകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാർക്ക് അയച്ചു നൽകിയെങ്കിലും ആക്ഷേപം സമർപ്പിക്കാത്ത സാഹചര്യത്തിൽ കേസ് തീർപ്പാക്കി. കാടാസ് ഉന്നതി നിവാസികൾ ഗിരിജന്റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.