കായകല്പ പുരസ്കാരത്തിന് അർഹതനേടി കുളപ്പുള്ളി നഗര പ്രാഥമികാരോഗ്യകേന്ദ്രം
1577370
Sunday, July 20, 2025 7:25 AM IST
ഷൊർണൂർ: ജില്ലയിലെ ഏറ്റവും മികച്ച നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കു നൽകുന്ന രണ്ടുലക്ഷം രൂപയുടെ കായകല്പ പുരസ്കാരത്തിനു കുളപ്പുള്ളി നഗര പ്രാഥമികാരോഗ്യ കേന്ദ്രം അർഹത നേടി. സംസ്ഥാന സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്കു നൽകുന്ന പുരസ്കാരമാണിത്.
ശുചിത്വം, മാലിന്യസംസ്കരണം, അണുബാധ നിയന്ത്രണം എന്നിവയിൽ മികവു പുലർത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾക്കാണു പുരസ്കാരം നൽകുന്നതെന്നു കുളപ്പുള്ളി നഗര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നിലവിലെ മെഡിക്കൽ ഓഫിസർ ഡോ.തസ്തിമ പറഞ്ഞു. 15 ജീവനക്കാരുള്ള പ്രാഥമികാരോഗ്യകേന്ദ്രം കഴിഞ്ഞ വർഷം രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
കായകല്പ പുരസ്കാര മാനദണ്ഡത്തിൽ 91.3 ശതമാനം മാർക്കാണ് ആശുപത്രി നേടിയത്. 88.2 മാർക്കുനേടി കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം രണ്ടാം സ്ഥാനവും 85 മാർക്കുനേടി കപ്പൂർ കുടുംബാരോഗ്യകേന്ദ്രം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇവർക്ക് 50,000 രൂപയാണ് അവാർഡ്.