ജീപ്പും ബൈക്കും കുട്ടിയിടിച്ച് യുവാവ് മരിച്ചു
1487114
Saturday, December 14, 2024 10:40 PM IST
വണ്ടിത്താവളം: മേട്ടുപ്പാളയത്തിനു സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അത്തിമണിയിൽ പരേതനായ മൗലാന സേട്ട് മകൻ മുഹമ്മദ് സിയാദ്(20) ആണ് മരിച്ചത്. സിയാദിന്റെ ബൈക്കിൽ സഹയാത്രികനായ അത്തിമണി അബ്ദുൽ റഹ്മാന്റെ മകൻ അനസിന്(16) ഗുരുതരമായി പരിക്കേറ്റു.
പട്ടഞ്ചേരി പള്ളത്താം പുള്ളിയിൽ ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് അപകടം. അത്തിമണിയിൽനിന്ന് തത്തമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് മേട്ടുപ്പാളയം ഭാഗത്ത് നിന്ന് വണ്ടിത്താവളം ഭാഗത്തേക്ക് വന്ന ജീപ്പുമായി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് സിയാദ് റോഡിലേക്കും അനസ് ട്രാക്ടറിന്റെ മുകളിലേക്കും തെറിച്ചുവീണു. ഗുരുതര പരിക്കേറ്റ ഇവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് സിയാദ് മരിച്ചു.
വിദഗ്ദ ചികിത്സക്കായി അനസിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മുഹമ്മദ് സിയാദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മെഹബൂബയാണ് മുഹമ്മദ് സിയാദിന്റെ അമ്മ.