പാലപ്പുറം ഹാൾട്ട് റെയിൽവേ സ്റ്റേഷൻ നടത്തിപ്പ് ഏറ്റെടുക്കാൻ ആരുമെത്തിയില്ല
1486948
Saturday, December 14, 2024 5:04 AM IST
ഒറ്റപ്പാലം: പാലപ്പുറം ഹാൾട്ട് റെയിൽവേ സ്റ്റേഷൻ ഏറ്റെടുക്കാൻ ആരുമെത്തിയില്ല. സ്റ്റേഷൻ നടത്തിപ്പിന് ആളെ കണ്ടെത്താനുള്ള റെയിൽവേയുടെ ശ്രമങ്ങൾ വിജയിക്കാത്തതാണു കാരണം.
രണ്ടുതവണയായി അപേക്ഷ ക്ഷണിച്ചിട്ടും നടത്തിപ്പിനായി ആരും മുന്നോട്ടുവന്നിട്ടില്ല. നേരത്തെയുണ്ടായിരുന്ന ഏജന്റിന്റെ കാലാവധി പൂർത്തിയായിട്ടും ഏറ്റെടുക്കാനാളില്ലാത്ത സാഹചര്യത്തിലാണ് റെയിൽവേ കമേഴ്സ്യൽ വിഭാഗം രണ്ടുതവണ അപേക്ഷ ക്ഷണിച്ചത്.
വരുമാനത്തിന്റെ നിശ്ചിതശതമാനമാണ് കമ്മീഷനായി ഹാൾട്ട് സ്റ്റേഷൻ നടത്തുന്ന ഏജന്റിനു ലഭിക്കുക. ദീർഘദൂര ട്രെയിനുകൾ നിർത്താത്ത സ്റ്റേഷനിൽ ദിവസേന ആകെ 200 രൂപയാണ് ടിക്കറ്റിനത്തിൽ ലഭിക്കുന്നത്. അത്രയും കുറഞ്ഞ തുക ലഭിക്കുന്നതു ഏജന്റിനെ സംബന്ധിച്ച് നഷ്ടമാണ്. വരുമാനംകുറഞ്ഞ സ്റ്റേഷനിൽ പ്രതിഫലം കുറയുമെന്ന സാഹചര്യത്തിലാണ് ആരും ഏറ്റെടുക്കാൻ തയാറാകാത്തത്. സ്റ്റേഷൻ നിലനിർത്തണമെന്നാവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മ ഡിവിഷണൽ റെയിൽവേ മാനേജരെ സമീപിച്ചതിനു പിന്നാലെയായിരുന്നു പുതിയ കരാറുകാരനെ കണ്ടെത്താൻ രണ്ടാംതവണയും ശ്രമം. ഒക്ടോബർ 28നാണ് ഏജന്റിന്റെ കാലാവധി പൂർത്തിയായത്. തത്കാലത്തേക്ക് ടിക്കറ്റ് വിതരണകേന്ദ്രം പ്രവർത്തിപ്പിക്കാൻ റെയിൽവേ കമേഴ്സ്യൽ വിഭാഗത്തിലെ താത്കാലിക ജീവനക്കാരനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്
പുതുവർഷത്തിനുമുൻപ് സ്റ്റേഷൻ പ്രവർത്തനത്തിന് ആളെ കണ്ടെത്താനായിരുന്നു റെയിൽവേയുടെ നീക്കം. അതേസമയം, താത്കാലിക ജീവനക്കാരനെ നിയോഗിച്ച് എത്രകാലം സ്റ്റേഷൻ പ്രവർത്തിപ്പിക്കുമെന്ന് വ്യക്തമല്ല.
ദിവസവും ഒമ്പതു ട്രെയിനുകൾക്കാണ് പാലപ്പുറത്ത് സ്റ്റോപ്പുള്ളത്. സ്റ്റേഷൻ നിലനിർത്തണമെന്നാവശ്യപ്പെട്ട് വി.കെ. ശ്രീകണ്ഠൻ എംപിയും റെയിൽവേയെ സമീപിച്ചിരുന്നു.