കരിപ്പാലിയിൽ അപകടങ്ങൾ തുടർക്കഥ
1486946
Saturday, December 14, 2024 5:04 AM IST
വടക്കഞ്ചേരി: കൂട്ടുകാരികളായ നാല് വിദ്യാർഥിനികൾ മരിക്കാനിടയായ കല്ലടിക്കോട് പനയമ്പാടം പോലെയാണ് മംഗലം -ഗോവിന്ദാപുരം സംസ്ഥാനപാതയിൽ വള്ളിയോടിനടുത്തുള്ള കരിപ്പാലിഭാഗം. അര കിലോമീറ്ററോളം ദൂരം ഇവിടെ അതീവ അപകടമേഖലയാണ്. വെയിലടിച്ച് പിന്നാലെ ചാറ്റൽമഴ മതി വാഹനങ്ങൾ നിയന്ത്രണം വിട്ട് പല വഴിക്ക് പായും. ചെറിയ വളവും മിനുസം കൂടിയ ടാറിംഗും അതുമൂലം റോഡിന് ഗ്രിപ്പില്ലാത്തതാണ് വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാകുന്നത്.
വാഹനത്തിന്റെ ടയർ തേയ്മാനം വന്നതാണെങ്കിൽ അപകടം ഉറപ്പാണ്. വേഗത കുറഞ്ഞു വന്നാലും വേഗത്തിലായാലും അപകടമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലും പല വാഹനങ്ങൾ നിയന്ത്രണം വിട്ട് ഓടിയ സ്ഥിതിയുണ്ടായി.എന്നാൽ അപകടമെന്ന് പറയാവുന്ന സ്ഥിതിയായില്ലെന്ന് മാത്രം. ചെറിയ മഴയുണ്ടെങ്കിൽ കരിപ്പാലി ഭാഗം പ്രത്യേകം ശ്രദ്ധിക്കണം.
ഏതാനും മാസം മുമ്പാണ് ഗോവിന്ദാപുരത്തു നിന്നും വടക്കഞ്ചേരിയിലേക്ക് വന്നിരുന്ന സ്വകാര്യ ബസ് റോഡിലെ മിനുസത്തിൽ തെന്നിമാറി പാതയോരത്തെ വൈദ്യുതി പോസ്റ്റുകൾ ഇടിച്ചു നിന്നത്. ഭാഗ്യത്തിന് ആർക്കും പരിക്കേറ്റില്ല. രണ്ട് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുതൂങ്ങി. പൈപ്പിടാൻ കുഴിച്ച ചാലിൽ കുടുങ്ങിയ ബസ് പിന്നെ കരയ്ക്ക് കയറ്റാനും ഏറെ പണിപ്പെട്ടു.
ചാറ്റൽമഴ മതി റോഡിന്റെ സ്വഭാവം മാറാൻ. റോഡ് കാണാൻ മനോഹരമാണ്. മറ്റു പലയിടത്തും പാത തകർന്നുകിടക്കുകയാണെങ്കിലും അപകടക്കെണിയായ കരിപ്പാലി ഭാഗത്ത് ചെറിയൊരു കുഴി പോലുമില്ല. റോഡ് റീടാറിംഗ് നടത്തിയതിനുശേഷമാണ് വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടങ്ങളിൽപ്പെടുന്ന സ്ഥിതി കൂടിയത്. ഓയിൽ ഒഴുകിയപോലെയാണ് റോഡ്. ഇവിടെ എത്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു എന്ന് കണക്ക് വെക്കാൻ പോലും കഴിയാത്ത വിധം അത്രയേറെ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സമീപത്തെ വീട്ടുകാരും സ്ഥാപന നടത്തിപ്പുകാരും പറയുന്നു.
2022 മേയിൽ ഇവിടെ ടൂറിസ്റ്റ് ബസും ട്രാവലറും കൂട്ടിയിടിച്ച് മരണമുൾപ്പെടെ വലിയ അപകടമുണ്ടായിട്ടുണ്ട്. 2021 ഏപ്രിലിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് ഇവിടെ തോട്ടിലേക്ക് മറിഞ്ഞിരുന്നു.12 യാത്രക്കാർക്കാണ് അന്ന് പരിക്കേറ്റത്. റോഡിൽ മഴ വീണാൽ പാതയോരത്തെ വീട്ടുകാരും ഭീതിയിലാണിപ്പോൾ. നിയന്ത്രണം വിട്ട് വാഹനങ്ങൾ പാഞ്ഞ് വരുമോ എന്ന പേടിയിലാണ് വീട്ടുകാരെല്ലാം . വാഹനങ്ങൾ ഇടിച്ചു തകർത്ത് ഇടക്കിടെ ഇവിടുത്തെ വൈദ്യുതി പോസ്റ്റുകളെല്ലാം മാറ്റി സ്ഥാപിക്കും. കരിപ്പാലി പാലത്തിനു സമീപം അപകട മുനമ്പാണ്. ഇവിടുത്തെ ചെറിയ വളവാണ് മറ്റൊരു അപകട കുരുക്ക്. മുടപ്പല്ലൂർ ഇറക്കത്തിലുള്ള വളവിലും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.
ഇവിടെയുണ്ടായ അപടങ്ങളെല്ലാം ഉണ്ടായിട്ടുള്ളതും ചാറ്റൽ മഴയുള്ള സമയത്താണെന്നതും ശ്രദ്ധേയമാണ്. കരിപ്പാലി പാലത്തിനടുത്തെ വളവും വർക്ക്ഷോപ്പിനടുത്തെ വളവുമാണ് പ്രധാന വില്ലന്മാർ. സ്ഥിരം അപകടമേഖല എന്ന നിലയിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ടൊന്നും അപകടങ്ങൾക്ക് കുറവില്ല. റോഡിന് ഗ്രിപ്പുണ്ടാകുന്ന വിധം അപാകതകൾ പരിഹരിക്കണമെന്നാണ് ആവശ്യം.