വ്യാപാരസ്ഥാപനത്തിൽ തീപിടിത്തം; 15 ലക്ഷം രൂപയുടെ നഷ്ടം
1486945
Saturday, December 14, 2024 5:04 AM IST
നെന്മാറ: നെന്മാറ ടൗണിലെ വ്യാപാരസ്ഥാപനത്തിൽ തീപിടിത്തം. ടൗണിലെ വീരാസ് കോംപ്ലക്സിലെ മാർജിൻ ഫ്രീ മാർക്കറ്റ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. 15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി അധികൃതർ പറഞ്ഞു. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ കെട്ടിടത്തിന്റെ വെന്റിലേറ്ററിലൂടെ കനത്തപുകയും പ്ലാസ്റ്റിക് കരിയുന്ന മണവും ശ്രദ്ധയിൽപ്പെട്ട സമീപവാസി സി.എൽ. വിവേകാണ് പോലീസിൽ വിവരമറിയിച്ചത്.
നെന്മാറ എസ്ഐ മണികണ്ഠനും സിപിഒ അഖിനും സ്ഥലത്തെത്തിയാണ് വ്യാപാരസ്ഥാപനത്തിലെ തീപിടിത്തം സ്ഥിരീകരിച്ചത്. ഉടൻ കൊല്ലങ്കോട് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും ചെയ്തു. കൊല്ലങ്കോട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീപിടിത്തത്തിന്റെ വ്യാപ്തി മനസിലാക്കിയതോടെ വടക്കഞ്ചേരിയിൽ നിന്നും ഒരു യൂണിറ്റ് അഗ്നിരക്ഷാസേനയേയും വിളിച്ചുവരുത്തി. ഇരുസംഘങ്ങളും ചേർന്നാണ് തീയണച്ചത്.
അഗ്നിരക്ഷാസേനയുടെ പ്രവർത്തനംമൂലം സമീപത്തെ മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതും കെട്ടിടത്തിന്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന കനറാ ബാങ്കിലേക്കും തീ പടരുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞു. രാവിലെ 7 മണിയോടെ തീ പൂർണമായും നിയന്ത്രിച്ചു. ചിറ്റിലഞ്ചേരി വിളക്കനാങ്കോട് ഗിരിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് മാർജിൻ ഫ്രീ മാർക്കറ്റ്.
വടക്കഞ്ചേരിയിൽ നിന്നുള്ള ഒരു യൂണിറ്റ് അഗ്നിരക്ഷാസേനയും കൊല്ലങ്കോട് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ രമേഷ്, ഫയർമാൻമാരായ വി. സുദേഷ്, ഷാജി, കൃഷ്ണരാജ്, ഗോകുൽ, സുൽഫിക്കർ അലി, വിജയകുമാർ എന്നിവർ അടങ്ങിയ സംഘമാണ് തീ നിയന്ത്രിച്ചത്.