ന്യൂനമർദമഴ; മംഗലം മിനിപമ്പയിൽ ദുരിതക്കാഴ്ച
1486944
Saturday, December 14, 2024 5:04 AM IST
വടക്കഞ്ചേരി: അപ്രതീക്ഷിതമായ ന്യൂനമർദമഴ മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലം ജംഗ്ഷനെ ദുരിതക്കയത്തിലാക്കി. തകർന്നുകിടന്നിരുന്ന റോഡിൽ വലിയ കുഴികളും അതിലെല്ലാം ചെളിവെള്ളവുമായി തീർഥാടകർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സംസ്ഥാന പാതയിൽ മറ്റു ഭാഗത്തെല്ലാം കുഴികൾ അടച്ചെങ്കിലും ജംഗ്ഷനിലെ കുഴികൾ മൂടിയിരുന്നില്ല.
മഴ കൂടിയായപ്പോൾ ചെളിയഭിഷേകമായി. നൂറുകണക്കിന് തീർഥാടകരാണ് ഇവിടെ എത്തുന്നത്. നേന്ത്രക്കായ ചിപ്സ് വാങ്ങാനാണ് പ്രധാനമായും തീർഥാടകർ എത്തുന്നത്.
മഴമൂലം വഴിയോരത്തെ താത്കാലിക കടകളൊന്നും തുറക്കാനാകാതെ മൂടിക്കെട്ടിവെച്ചിരിക്കുകയാണ്. ന്യൂനമർദമഴ വിളവെടുപ്പ് നടത്തേണ്ട വിളകൾക്കും ഏറെ ദോഷകരമാകുമെന്ന് കർഷകർ പറയുന്നു.
കിഴങ്ങുവർഗങ്ങളായ കപ്പ, കൂർക്ക, ചേമ്പ്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവക്കു പുറമെ പച്ചക്കറികൾക്കും ദോഷകരമാകും. മാവുകളെല്ലാം പൂത്ത് മാങ്ങ ഉണ്ടാകുന്ന സമയത്താണ് പതിവുതെറ്റി മഴ പെയ്യുന്നത്. ഇത് മാങ്ങ ഉത്പാദനം ഗണ്യമായി ഇല്ലാതാക്കും.
ഉള്ള മാങ്ങയിൽ കറുത്ത പാട് വീണ് ഭംഗി കുറയും. ഇത് വില്പനയെ ബാധിക്കും. കശുമാവിനും മഴ ദോഷം ചെയ്യും. ചക്ക ഉത്പാദനവും കുറയും. മാമ്പൂക്കളിൽ കീടബാധ കൂടാൻ മഴ കാരണമാകും. മഴയെ തുടർന്ന് പൂക്കാത്ത മാവുകൾ ഇനി തളിർത്ത് ഇല നിറയും. ന്യൂനമർദ മഴ മാറി ഇനി നല്ല വെയിൽ തുടങ്ങുന്നതോടെ പൂക്കൾ കരിഞ്ഞു വീഴും. പച്ചക്കറി ഉത്പാദനവും കുറക്കും. ഇഞ്ചി, മഞ്ഞൾ, കുരുമുളക്, കപ്പ തുടങ്ങിയ വിളവെടുപ്പ് കാലമാണിത്.
എന്നാൽ ഇവക്കെല്ലാം മഴ വില്ലനായി മാറും. റബർ, തെങ്ങ് തുടങ്ങിയ ദീർഘകാല വിളകൾക്ക് മഴ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.