കാണാതായ വീട്ടമ്മയെ തെരയാൻ കഡാവർ നായകളും എത്തി
1486943
Saturday, December 14, 2024 5:04 AM IST
നെന്മാറ: കാണാതായ വീട്ടമ്മയെ തെരഞ്ഞ് 26-ാം ദിവസം മൂന്ന് കഡാവർ നായകളുമായി പോലീസ് വനമേഖലയിൽ തെരച്ചിൽ നടത്തി. കൊച്ചിയിൽ നിന്നും എത്തിച്ച കഡാവർ പോലീസ് നായകളായ ഹാർലി, ലില്ലി (മായ), മർഫി എന്നീ നായകളാണ് തെരച്ചിലിന് എത്തിയത്. ഒലിപ്പാറ പൈതല പരേതനായ കറുപ്പന്റെ ഭാര്യ തങ്ക (70) യെയാണ് നവംബർ 18ന് കാണാതായത്.
അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി കോളനിക്ക് മുകളിലുള്ള റബർ തോട്ടങ്ങളിലും രണ്ട് കിലോമീറ്ററോളം നെല്ലിയാമ്പതി വനം റേഞ്ചിൽപ്പെട്ട വനമേഖലയിലുമാണ് കഡാവർ നായകൾ ഉൾപ്പെടുന്ന പോലീസ് സേനയും തങ്കയുടെ മകൾ ചന്ദ്രികയും പ്രദേശവാസികളും വനം വാച്ചർമാരും ഉൾപ്പെടുന്ന സംഘം തെരച്ചിൽ നടത്തിയത്.
രാവിലെ 10 ന് തുടങ്ങി ഉച്ചക്ക് ഒന്നുവരെ തെരച്ചിൽ തുടങ്ങിയെങ്കിലും ശക്തമായ കാറ്റും മഴയും തെരച്ചിൽ സംഘത്തെ ബുദ്ധിമുട്ടിച്ചു. രണ്ടുമണിവരെ തെരച്ചിൽ തുടർന്നെങ്കിലും തങ്കയെകുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റേയും ആലത്തൂർ ഡിവൈഎസ്പി മുരളീധരന്റേയും ആവശ്യപ്രകാരമാണ് കൊച്ചിയിൽ നിന്നും കഡാവർ നായകൾ ഉൾപ്പെടുന്ന പ്രത്യേക പോലീസ് സ്ക്വാഡി ന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയത്.
കൊച്ചി സിറ്റി കെ 7 സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരായ ഡോഗ് സ്ക്വാഡ് കൈകാര്യം ചെയ്യുന്ന പ്രഭാത്, സിപിഒമാരായ മനീഷ് ജോർജ് മാനുവൽ, പി. വിനീത്, ഡ്രൈവർ ദിലീപ് എന്നിവരാണ് സംഘത്തിലുള്ളത്. നെന്മാറ സർക്കിൾ ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, എസ്ഐ രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ റഫീസ്, റിയാസ്, മനോജ് എന്നിവർ തെരച്ചിലിന് നേതൃത്വം നൽകി.