കൗമാര പ്രതിഭകളെ സ്വീകരിക്കാനൊരുങ്ങി ശ്രീകൃഷ്ണപുരം
1481313
Saturday, November 23, 2024 4:58 AM IST
ശ്രീകൃഷ്ണപുരം: അറുപത്തിമൂന്നാമത് പാലക്കാട് റവന്യൂജില്ലാ കേരള സ്കൂൾകലോത്സവം 25 മുതൽ 29 വരെ ശ്രീകൃഷ്ണപുരത്തു നടക്കും. ഹയർസെക്കൻഡറി സ്കൂൾ, എഎൽപി സ്കൂൾ പെരുമാങ്ങോട്, എയുപി സ്കൂൾ ശ്രീകൃഷ്ണപുരം, ശ്രീകൃഷ്ണപുരം കമ്യൂണിറ്റി ഹാൾ, ബാപ്പുജി പാർക്ക്, സംഗീത ശില്പം ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറുക.
13 പ്രധാന വേദികളും നാലു ക്ലാസ്റൂം വേദികളിലുമായി 12 ഉപജില്ലകളിൽ നിന്നായി പതിനായിരത്തിലധികം കലാപ്രതിഭകൾ 343 ഇനങ്ങളിൽ മത്സരിക്കും. ആദ്യദിനമായ 25ന് രചനാ മത്സരങ്ങളാണു നടക്കുക. എണ്ണൂറോളം പേരാണ് പങ്കെടുക്കുന്നത്. രാവിലെ ഒന്പതിനു വിദ്യാഭ്യാസ ഉപഡയറക്ടർ പി. സുനിജ പതാക ഉയർത്തും. 26ന് വൈകുന്നേരം നാലിനു മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും.
സംഘാടകസമിതി ചെയർമാൻ അഡ്വ.കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ പി. മമ്മികുട്ടി, അഡ്വ.എൻ. ഷംസുദ്ദീൻ, എ. പ്രഭാകരൻ, ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര, ജില്ലാ പോലീസ് സൂപ്രണ്ട് ആർ. ആനന്ദ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സിനി ആർട്ടിസ്റ്റ് രചന നാരായണൻകുട്ടി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ചന്ദ്രനെ ചടങ്ങിൽ ആദരിക്കും. കലോത്സവ ലോഗോ തയാറാക്കിയ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ വിപിൻദാസിനു ഉപഹാരം നൽകും.
രജിസ്ട്രേഷൻ ഇന്നുമുതൽ
മത്സരാർഥികളുടെ രജിസ്ട്രേഷൻ ഇന്നുരാവിലെ പത്തുമുതൽ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങും. എല്ലാദിനവും മത്സരങ്ങൾ രാവിലെ ഒന്പതരയ്ക്കു തുടങ്ങി രാത്രി പത്തോടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന വേദികൾ നാലും ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലാണ് സജ്ജമാക്കിയിട്ടുള്ളത്. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് ഹൈസ്കൂളാണ് ബാന്റുമേളം മത്സരങ്ങൾക്കു വേദിയാകുക.
പേരിൻപെരുമയുമായി വേദികൾ
ഇന്ത്യയിലെയും കേരളത്തിലെയും ഗോത്രവാദ്യങ്ങളുടെയും ഉത്സവങ്ങളുടെയും പേരുകളാണ് വേദികൾക്കു നൽകിയിട്ടുള്ളത്. കിന്നര, ഏക് താര, ജലങ്ക, മിധുവ, മഞ്ജീര, ഡമരു, ജാലറൈ, പെരുംപറൈ, ദവിൽ, ബൻസി, തമ്പോല, നഗാര, ഗാധിക, നന്തുണി, തുടി, സന്താളി, മുരുസു എന്നിങ്ങനെയാണ് വേദികൾക്കു നൽകിയ പേരുകൾ.
പാർക്കിംഗ് ക്രമീകരണം
കലോത്സവവേദികളുമായി ബന്ധപ്പെട്ട ആവശ്യമായ ട്രാഫിക് പാർക്കിംഗ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീകൃഷ്ണപുരം മുറിയൻകണ്ണി റോഡിൽ ഉത്തരത്തിൽകാവ് അമ്പലപ്പറമ്പിലാണ് വലിയ വാഹനങ്ങൾ പാർക്കുചെയ്യേണ്ടത്. പഞ്ചായത്ത് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രഥമശുശ്രൂഷാകേന്ദ്രം, ആംബുലൻസ്, കൗൺസിലിംഗ് സെന്റർ എന്നിവ പ്രധാന വേദിയായ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിക്കും.
ഭക്ഷണശാല, പ്രോട്ടോകോൾ..
ശ്രീകൃഷ്ണപുരം ദേവപദം ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല പ്രവർത്തിക്കുക. എല്ലാദിവസവും ഉച്ചക്ക് വിഭവസമൃദ്ധമായ ഭക്ഷണത്തോടൊപ്പം പായസവും നൽകും. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് ഇത്തവണ കലോത്സവം. വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ പരാതിപരിഹാരസെൽ പ്രവർത്തിക്കുമെന്നും മത്സരവേദികൾ അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരേ മത്സരങ്ങളിൽനിന്ന് വിലക്കേർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കർശനനടപടികൾ സ്വീകരിക്കുമെന്നും സംഘാടകസമിതി ഭാരവാഹികൾ പാലക്കാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു.