റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തർക്കങ്ങളും വാഗ്വാദങ്ങളും
1481312
Saturday, November 23, 2024 4:58 AM IST
വടക്കഞ്ചേരി: ട്രാഫിക് സംവിധാനം കുറ്റമറ്റതാക്കാൻ വിളിച്ചുകൂട്ടിയ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ വാക്പോരും തർക്കങ്ങളും. എല്ലാം പോലീസിന്റെ തലയിൽവച്ചുകെട്ടി ബുദ്ധിമുട്ടിക്കാതെ അതാത് സംഘടനകൾ അവർചെയ്യേണ്ട കാര്യങ്ങൾ ചെയ്തുസഹകരിക്കണം എന്നായിരുന്നു സിഐ കെ.പി. ബെന്നി അഭിപ്രായപ്പെട്ടത്.
സ്റ്റേഷൻപരിധിയിൽ അഞ്ചരപഞ്ചായത്തുണ്ട്. എന്നാൽ പോലീസുകാരായുള്ളത് 56 പേർ മാത്രമാണ്. ഇതിനാൽ എല്ലായിടത്തും ഓടിയെത്താൻ ബുദ്ധിമുട്ടുണ്ട്.- സിഐ പറഞ്ഞു. എല്ലാ സംഘടനകളെയും മറ്റു രാഷ്ട്രീയപാർട്ടികളെയും യോഗവിവരം അറിയിച്ചപ്പോൾ ഭരണകക്ഷിയിലെ പ്രധാനകക്ഷിയായ സിപിഐയെ യോഗവിവരം അറിയിച്ചില്ലെന്നു എഐടിയുസി നേതാവ് അബ്ബാസ് യോഗത്തിൽ അറിയിച്ചു.
ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുമ്പോഴെല്ലാം ബസുകാരെമാത്രം പിടികൂടി ബുദ്ധിമുട്ടിക്കുന്നതു അംഗീകരിക്കാനാവില്ലെന്ന് ബസുടമ ഭാരവാഹിയായ സിബി മേരിഗിരി പറഞ്ഞു. കെട്ടിടനിർമാണ നിയമങ്ങൾ കാറ്റിൽപറത്തി ടൗണിൽ കെട്ടിടനിർമാണത്തിന് അനുമതി നൽകുന്നതാണു ടൗണിൽ പാർക്കിംഗ് വലിയ പ്രശ്നമാകുന്നതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇല്ല്യാസ് പടിഞ്ഞാറേകളം ചൂണ്ടിക്കാട്ടി.
വഴിയോര കച്ചവടക്കാരെ കിഴക്കഞ്ചേരി റോഡിലെ ഒഴിഞ്ഞ സ്ഥലത്തും ബസ് സ്റ്റാൻഡിലുമായി പുനരധിവസിപ്പിക്കണമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എം. ജലീൽ ആവശ്യപ്പെട്ടു.
ടൗണിൽ ടു വേ ബസ് സർവീസ് നടപ്പിലാക്കണമെന്നും ജലീൽ ആവശ്യമുന്നയിച്ചു. എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി ബന്ധപ്പെട്ടവർ കാണിക്കണമെന്നായിരുന്നു വ്യാപാരി സംരക്ഷണ സമിതി ഭാരവാഹിയായ ബോബൻ ജോർജ് അഭിപ്രായപ്പെട്ടത്. ബഹളവും വാഗ്വാദങ്ങൾക്കുമിടെ എംഎൽഎ യോഗത്തിൽ നിന്നും പോയതും പിന്നീടു ചർച്ചയായി.