വടക്കഞ്ചേരി ടൗണിലെ ട്രാഫിക് സംവിധാനം: ഡിസംബർ ഒന്നുമുതൽ കർശന നിയന്ത്രണം
1481311
Saturday, November 23, 2024 4:58 AM IST
വടക്കഞ്ചേരി: കുത്തഴിഞ്ഞുകിടക്കുന്ന വടക്കഞ്ചേരി ടൗണിലെ ട്രാഫിക് സംവിധാനം നേരെയാക്കാൻ രണ്ടുവർഷം മുമ്പെടുത്ത തീരുമാനങ്ങൾ അടുത്തമാസം മുതൽ പൂർണമായും നടപ്പിലാക്കാൻ ഇന്നലെ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. ട്രാഫിക് സംവിധാനം സുഗമമാക്കാൻ ഓട്ടോറിക്ഷ സംഘടനകളുമായി അടുത്തദിവസം ചർച്ച നടത്തും.
തീരുമാനങ്ങളും അഭിപ്രായങ്ങളും നിരവധിയുണ്ട്. പക്ഷെ, നടപ്പിലാക്കുമ്പോൾ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകുന്നതായി പി.പി.സുമോദ് എംഎൽഎ യോഗത്തിൽ പറഞ്ഞു.
പഴയ തീരുമാനങ്ങളിൽ ഏതാനും തീരുമാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അന്നത്തെ 13 തീരുമാനങ്ങളും അതേപടിതന്നെ നടപ്പിലാക്കിയാൽ ടൗണിലെ ട്രാഫിക് സംവിധാനം മെച്ചപ്പെടുത്താൻ കഴിയുമെന്ന പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങൾക്കപ്പുറം എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുക എന്നതിൽ യോഗം എത്തിച്ചേർന്നത്.
വടക്കഞ്ചേരി സിഐ കെ.പി. ബെന്നിയാണ് ഇക്കാര്യം ചർച്ചകൾക്കിടെ അഭിപ്രായപ്പെട്ടത്. യോഗത്തിനെത്തിയ ഭൂരിഭാഗംപേരും ഇത് അംഗീകരിക്കുകയായിരുന്നു. പഴയ തീരുമാനങ്ങൾക്കൊപ്പം പുതിയ തീരുമാനങ്ങൾ കൂടി ഉൾപ്പെടുത്തി ട്രാഫിക് സംവിധാനം കുറ്റമറ്റതാക്കുമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് പറഞ്ഞു.
യോഗത്തിൽ രാഷ്ട്രിയ - വ്യാപാര സംഘടനകളെ പ്രതിനിധീകരിച്ച് പ്രഭാകരൻ, സി.കെ. അച്ചുതൻ, ഇല്ല്യാസ് പടിഞ്ഞാറെകളം, സെയ്തലവി, കെ.എം. ജലീൽ, പി.കെ. ഗുരു, അബ്ബാസ്, തോമസ്, സിബി മേരിഗിരി, ഇബ്രാഹിംകുട്ടി, ബോബൻ ജോർജ്, പഞ്ചായത്ത് മെംബർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പാലിക്കണം, ഈ നിർദേശങ്ങൾ...
വടക്കഞ്ചേരി: ഇതിനുമുമ്പ് 2022 സെപ്റ്റംബർ രണ്ടിനാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം നടന്നത്. അടുത്ത മാസവും ജനുവരിയിലുമായി പൂർണമായും കർശനമായും നടപ്പിലാക്കുന്ന തീരുമാനങ്ങൾ ഇവയാണ്.
പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ റോയൽജംഗ്ഷൻ വഴി തങ്കം ജംഗ്ഷനിലൂടെ സ്റ്റാൻഡിൽ പ്രവേശിച്ച് തൃശൂർ ഭാഗത്തേക്കും തൃശൂർ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകൾ തങ്കം ജംഗ്ഷനിലൂടെ സ്റ്റാൻഡിലെത്തി ടൗൺ റോഡ് വഴി ചെറുപുഷ്പം ജംഗ്ഷൻ വഴി പോകണം.
വഴിയാത്രക്കാർക്കും വാഹനം ഗതാഗതത്തിനും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും തടസമായ വഴിയോര കച്ചവടക്കാരുടെ ഉന്തുവണ്ടി ഓട്ടോറിക്ഷകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതിന് സ്ക്വാഡ് രൂപീകരിച്ച് നടപടി സ്വീകരിക്കും.
ടിബി ജംഗ്ഷൻ മുതൽ ഫുട്പാത്തിലേക്ക് ഇറക്കി വച്ചിരിക്കുന്ന കച്ചവട സാധനങ്ങൾ ഒഴിവാക്കി ഫുട്പാത്തിലൂടെ ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള രീതിയിൽ ക്രമീകരണം നടത്തും. ചെറുപുഷ്പം സ്കൂൾ മുതൽ തങ്കംതിയേറ്റർ വരെ റോഡിന് ഇരുവശവും സ്ഥിരമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യും. ടൗണിൽ ഹൈമാസ്റ്റ് ലൈറ്റുള്ള പ്രധാന സെന്ററിൽ മാത്രം സ്റ്റോപ്പ് അനുവദിക്കേണ്ടതുള്ളു. കിഴക്കഞ്ചേരി റോഡിലെ കാത്തിരിപ്പുകേന്ദ്രം പ്രയോജനപ്പെടുത്തും. ബസുകൾ യാത്രക്കാരെ കയറ്റിപ്പോകണം.
തിരക്കുള്ളിടത്ത് നിർത്തിയാൽ പിഴ ഈടാക്കും. ശിവരാമ പാർക്കിയിലേക്ക് വരുന്നവർക്ക് പാർക്കിന്റെ മുൻവശത്തായി വാഹനം പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹനങ്ങൾ വൈകീട്ട് മൂന്നു മണിക്കു ശേഷം നിർബന്ധമായും മാറ്റിയിടണം.
പഞ്ചായത്ത് പരിധിയിൽ പെർമിറ്റ് ഇല്ലാതെ ഓടുന്ന ഓട്ടോറിക്ഷകളും ടൗണിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളും പിടികൂടും. കക്കൂസ് മാലിന്യം എടുക്കുന്ന വണ്ടികൾ സ്ഥിരമായി പാതയോരത്ത് നിർത്തിയിടുന്നത് ഒഴിവാക്കാനും നടപടി സ്വീകരിക്കും.